ലീഗ് സ്റ്റേജിൽ മഴയും, മത്സരം മാറ്റിവെക്കലുമൊക്കെയായി മോശം അഭിപ്രായമായിരുന്നു 2019 ക്രിക്കറ്റ് ലോകകപ്പ് തുടക്കത്തില്‍ സമ്പാദിച്ചത്. മത്സരങ്ങൾ സംവിധാനിച്ചതിനെതിരെ പല മുൻ താരങ്ങളും രംഗത്ത് വന്നു. നിർണായകമായ മത്സരങ്ങളിൽ വില്ലനായി മഴ എത്തിയതും, പോയിന്റ് പങ്കിടേണ്ടി വരികയുമെല്ലാം ചെയ്തു പരമ്പരക്കിടെ. എന്നാൽ കൊട്ടിക്കലാശത്തില്‍, ഇംഗ്ലണ്ട് – ന്യൂസിലാന്റ് ത്രില്ലിംഗ് ഫെെനൽ എല്ലാ പോരായ്മകളേയും കവച്ച് വെക്കുകയായിരുന്നു.
46 ദിവസം നീണ്ടുനിന്ന ലോകകപ്പിന് അവസാനമാകുമ്പോൾ ആരാധകരെ പോലെ, താരങ്ങളെയും തൃപ്തിപ്പെടുത്തി ലണ്ടൻ. ലോകകപ്പിൽ നൽകാവുന്നതിൽ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ഐ.സി.സി ഇപ്രാവശ്യം ടീമുകൾക്ക് നൽകിയിരിക്കുന്നത്. 4 മില്യൺ ഡോളറാണ് (29 കോടി രൂപ) ലോകജേതാക്കളായ ഇംഗ്ലണ്ടിന് പാരിതോഷികമായി ലഭിച്ചത്. ഇഞ്ചോടിഞ്ച് പൊരുതി ഒടുവിൽ കളിയിലെ സാങ്കേതികത്വം കൊണ്ട് മാത്രം കിരീടം കെെവിട്ട ന്യൂസിലാന്റിനും കിട്ടി കെെ നിറയെ പണം. 2 മില്യൺ ഡോളറിന് മുകളിൽ (15 കോടി രൂപ) ലഭിച്ചു കിവീസിന്.
സെമിഫെെനലിസ്റ്റുകൾക്കും കിട്ടി മില്യൺ യു.എസ് ഡോളർ. 7 കോടി രൂപ വീതമാണ് സെമി ഫെെനലിസ്റ്റുകളായ ഇന്ത്യക്കും ആസ്ത്രേലിയക്കുമായി ലഭിച്ചത്. ബംഗ്ലാദേശ്, ദക്ഷിണാഫ്രക്ക, ശ്രീലങ്ക, ടീമുകൾക്ക് ഒന്നര കോടി രൂപയാണ് ലഭിച്ചത്. പാകിസ്താന് 2 കോടി രൂപ ലഭിച്ചു.