സുപ്രിംകോടതി വിധിക്ക് ശേഷം കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്സിലേക്ക്. കോടതി വിധി വന്നതോടെ സർക്കാർ രൂപീകരണത്തിന് ബി.ജെ.പി തയ്യാറെടുപ്പ് തുടങ്ങി. വിമത എം.എല്‍.എമാരുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അനുകൂലമാണെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. കോൺഗ്രസും ജെ.ഡി.എസും ഇതുവരെ വിധിയോട് പ്രതികരിച്ചിട്ടില്ല. നളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ വിമത എം.എല്‍.എമാര്‍ പങ്കെടുക്കില്ല.
വിധി വന്ന ശേഷവും വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ തന്നെ ന്യൂനപക്ഷമായ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. വിശ്വാസവോട്ടിൽ പരാജയപ്പെട്ടിറങ്ങാം. അല്ലെങ്കില്‍ അതിന് മുമ്പ് രാജിവക്കാം. സുപ്രീം കോടതി വിധിയുടെ പിന്നാലെ സഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വിമത എം.എൽ.എമാർ പ്രഖ്യാപിച്ചു. സർക്കാർ രാജിവെയ്ക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു.
എന്നാല്‍ എം.എല്‍.എമാരുടെ അയോഗ്യതാ കാര്യത്തില്‍ സ്പീക്കര്‍ എന്ത് തീരുമാനമെടുക്കുമെന്നത് ഇനി നിര്‍ണായകമാകും. അയോഗ്യരാക്കിയാല്‍ അത് കൂടുതല്‍ സങ്കീര്‍ണമായി നിയമനടപടികളിലേക്ക് നീങ്ങും. നിയമപ്രകാരമുള്ള രാജിക്ക് മുമ്പ് അയോഗ്യരാക്കണമെന്ന പരാതി സ്പീക്കര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്.
ഭരണപക്ഷം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. വിമതർ വിട്ട് നിൽക്കുന്ന സാഹചര്യത്തിൽ സഭയിൽ വിശ്വാസവോട്ട് നേടാൻ സർക്കാറിന് സാധിക്കില്ല. നിലവിൽ സഖ്യ സർക്കാറിന് നൂറും ബി.ജെ.പിയ്ക്ക് 107മാണ് സഭയിലെ പിന്തുണ.