ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തി കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലം മാറ്റി. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്.
അതേസമയം, ബിഷപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ മാത്രം മദര്‍ ജനറല്‍ നടപടിയെടുത്തിട്ടില്ല. ഇവര്‍ കുറുവിലങ്ങാട് മഠത്തില്‍തന്നെ തുടരും.സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് മാറ്റിയപ്പോള്‍ സിസ്റ്റര്‍ ആല്‍ഫിയെ ജാര്‍ഖണ്ഡിലേക്ക് മാറ്റിയാണ് മദര്‍ ജനറല്‍ ഉത്തരവിട്ടിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീന റോസ്, ജോസഫിന്‍ എന്നിവരോടും വിവിധ മഠങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിഷണറീസ് ഓഫ് ജീസസിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് വിശദീകരിച്ചാണ് മദര്‍ ജനറല്‍ നാലുപേരെയും കുറുവിലങ്ങാട് മഠത്തില്‍ നിന്നും സ്ഥലം മാറ്റിയിരിക്കുന്നത്.
സ്ഥലംമാറ്റം ലഭിച്ച അഞ്ച് കന്യാസ്ത്രീകളോടും 2018 മാര്‍ച്ചില്‍ ഇതേസ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരുന്നെന്നും എന്നാല്‍ അവര്‍ പോകാന്‍ തയ്യാറായില്ലെന്നുമാണ് മദര്‍ ജനറല്‍ കന്യാസ്ത്രീകള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. ഇതിനുപുറമേ സഭക്കെതിരേ സമരം ചെയ്തത് അച്ചടക്കലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.