India Kerala

കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് എഫ്.സി.ഐയില്‍ നിന്നുമെത്തിച്ചത് ഉപയോഗശൂന്യമായ ഗോതമ്പ്

കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് എഫ്.സി.ഐയില്‍ നിന്നുമെത്തിച്ചത് ഉപയോഗശൂന്യമായ ഗോതമ്പ്. തൊഴിലാളികള്‍ ലോറിയില്‍ നിന്ന് ഗോതമ്പ് ഇറക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഉപയോഗശൂന്യമായ ഇരുപത്തിനാല് ലോഡ് ഗോതമ്പും തിരിച്ചെടുക്കുമെന്ന് എഫ്.സി.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ട്രെയിനില്‍ തിക്കോടിയിലെത്തിച്ച 5000 ചാക്ക് ഗോതമ്പാണ് കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് കൊണ്ടുവന്നത്.എന്നാല്‍ ചാക്കുകളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ തൊഴിലാളികള്‍ ലോ‍ഡ് ഇറക്കാന്‍ മടിച്ചു.പല ചാക്കുകളും ഈച്ച പൊതിഞ്ഞ നിലയിലായിരുന്നു. ചാക്ക് പരിശോധിച്ചതോടെ ഗോതമ്പ് ഉപയോഗശൂന്യമാണെന്ന് ബോധ്യമായി.തുടര്‍ന്ന് തൊഴിലാളികള്‍ വിവരം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

2020 വരെ ഗോതമ്പിന് കാലാവധിയുണ്ടെന്ന് ചാക്കിനു പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ എഫ്.സി.ഐ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.ലോഡ് തിരിച്ചെടുത്ത് പകരം ഗോതമ്പ് എത്തിച്ചു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും എഫ്.സി.ഐ അധികൃതര്‍ വ്യക്തമാക്കി.