തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപകര്‍ക്കെതിരെയും നടപടിയുണ്ടായേക്കും. ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കും പങ്കുണ്ടെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.കെ സുമ നൽകുന്ന റിപ്പോർട്ടിൽ നടപടിക്ക് ശിപാർശയുണ്ടെന്നാണ് സൂചന. പ്രശ്നത്തിൽ സർവകലാശാലയുടെ നടപടികള്‍ പുരേഗമിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച യൂണിവേഴ്സിറ്റി കോളജ് നാളെ തുറക്കും.
കോളജിലെ നിരന്തര അക്രമങ്ങളും ഉത്തരക്കടലാസ് കെട്ട് കണ്ടെത്തിയതിലും അധ്യാപകർക്ക് പങ്കുണ്ടെന്നാണ് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തിയത്. യുണിറ്റ് ഓഫീസിൽ അരിച്ച് പെറുക്കി നോക്കിയിട്ടും കാണാതിരുന്ന ഉത്തരക്കടലാസുകൾ പിന്നീട് കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് വേഗത്തിൽ സ്വീകരിച്ച് നടപടിക്കൊരുങ്ങകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്.
ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ സർവകലാശാലയുടെ അന്വഷണം ശക്തമാക്കി. ഉത്തരക്കടലാസുകളുടെ എണ്ണമെടുക്കാനും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായോയെന്നും അന്വഷിക്കാനും വൈസ് ചാൻസലർ ഉത്തരവിട്ടു. ചാൻസലർ കൂടിയായ ഗവർണർ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് അന്വഷണം ഊർജിതമാക്കിയത്. നാളെ കോളജ് തുറക്കുന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയൊരുക്കാനും തീരുമാനിച്ചു.