നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന് സര്‍ക്കാരിന് കത്ത് നല്കി. അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കണമെന്നാണ് ആവശ്യം. ആദ്യം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ചയുണ്ടെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് ജസ്റ്റിസ് നാരായണ കുറുപ്പ് സര്‍ക്കാരിന് കത്ത് നല്‍കിയത്.
രാജ്കുമാറിന്റെ മരണം കസ്റ്റഡിയില്‍ നിന്നേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നാണോ എന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന് റീ പോസ്റ്റുമോര്‍ട്ടം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടം ലാഘവത്തോടെ ചെയ്തുവെന്ന വിമര്‍ശനവും കമ്മീഷന് മുന്നോട്ട് വെച്ചിരുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പോസ്റ്റുമോര്‍ട്ടം നടത്തിയ സാഹചര്യത്തില്‍ കൂടിയാണ് റീ പോസ്റ്റുമോര്‍ട്ടം വേണമെന്ന ജുഡീഷ്യല്‍ കമ്മീഷന് നാരായണ കുറുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ-മെയില്‍ മുഖേന അയച്ച കത്തില്‍ അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കണമെന്നും റീ പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോര്‍ട്ടം നടത്തും. ഇതിനായി വിദഗ്ധ സംഘത്തെയും തയ്യാറാക്കിയിട്ടുണ്ട്. ന്യുമോണിയ മൂലമുള്ള മരണമെന്നാണ് ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതില്‍ മുറിവുകളുടേയും ചതവുകളുടേയും കാലപ്പഴക്കം അടക്കം രേഖപ്പെടുത്തിയിരുന്നില്ല. ഈ കാര്യങ്ങള്‍ കമ്മീഷന് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
സംഭവത്തില്‍ നാല് കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും പരിശോധിക്കുക എന്നതാണ് ആദ്യത്തെ പരിഗണനാ വിഷയം.
സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥർക്കും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് പരിശോധിച്ച് ശിപാർശ സമർപ്പിക്കുക എന്നിവയ്ക്കൊപ്പം സാന്ദർഭികമായി ഉയർന്ന് വരുന്ന മറ്റ് വിഷയങ്ങളും പരിശോധിക്കാനുള്ള ചുമതലയും കമ്മീഷന് നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.