India Kerala

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ പരാതി പരിഹാര ഫോറം

അന്തര്‍ സംസ്ഥാന സ്വകാര്യബസുകളിലെ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനായി പാസഞ്ചര്‍ റിഡ്രസല്‍ഫോറവുമായി ബസുടമകള്‍. കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ കര്‍ശമാക്കിയപ്പോഴാണ് ബസുടമകളുടെ നേതൃത്വത്തില്‍ പരാതി പരിഹാര ഫോറത്തിന് രൂപം നല്‍കിയത്.

കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചും, സര്‍വ്വീസിലെ പോരായ്മകളെയും, അമിതയാത്രാ നിരക്കുകളെ കുറിച്ചും യാത്രക്കാര്‍ക്ക് പരാതി പെടാനാണ് ബസുടമകളുടെ നേതൃത്വത്തില്‍ പരാതി പരിഹാര ഫോറത്തിന് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച പരാതികള്‍ ഇ മെയില്‍ വഴി പരാതികള്‍ അയക്കാം. പരാതികള്‍ അതത് വാഹനസര്‍വ്വീസ് നടത്തുന്ന സ്ഥാപനത്തിന് അയക്കണം.

തീര്‍പ്പാവാത്ത പരാതികളാണ് ഫോറത്തില്‍ പരിഗണിക്കുക. വിരമിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, റിട്ട. ക്രൈംബ്രാഞ്ച് എസ്.പി, ഹൈക്കോടതി അഭിഭാഷകന്‍, ബസുടമാ പ്രതിനിധികള്‍ എന്നിവരാണ് പാസഞ്ചര്‍ റിഡ്രസല്‍ ഫോറത്തിലെ അംഗങ്ങള്‍. ആലുവയില്‍ ചേര്‍ന്ന അന്തര്‍ സംസ്ഥാന ബസുടമാ സംഘടനയുടെ യോഗത്തില്‍ ആലുവ ഡി.വൈ.എസ്.പി ജി.വേണു ഫോറത്തിന്റെ ഔദ്യോഗിക പ്രഖാപനം നടത്തിയത്.