ലോകബാങ്ക് വികസന പങ്കാളിത്തം നല്കുന്ന ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രോജക്ട് പങ്കാളി എന്നതിലുപരിയായി വികസന പങ്കാളി ആയിട്ടാണ് ലോകബാങ്ക് കേരളത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടു നടത്തിയ രാജ്യാന്തര വികസന പങ്കാളിസംഗമം പ്രതീക്ഷകളേക്കാള്‍ വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ലോകബാങ്ക്, എ.ഡി.ബി, ജെയ്ക്ക, കെ.എഫ്.ഡബ്ല്യു, ന്യൂ ഡവലപ്പ്മെന്റ് ബാങ്ക് എന്നിവര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള സഹായവും പങ്കാളിത്തവും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. നഗരങ്ങളിലെ ജലവിതരണത്തിനും റോഡുകള്‍ക്കും അടക്കം സഹായം നല്‍കാമെന്ന് നബാര്‍ഡ്, ഹഡ്കോ എന്നീ ഏജന്‍സികള്‍ അറിയിച്ചു.
ടാറ്റ ട്രസ്റ്റ് ഐ.എഫ്.ഡി.സി ഫൗണ്ടേഷന് എന്നിവയും പ്രത്യേകം തീരുമാനിക്കുന്ന പദ്ധതികള്‍ക്ക് സഹായം നല്‍കാമെന്ന് വികസന പങ്കാളിസംഗമത്തില് വാഗ്ദാനം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ലോകബാങ്ക് വികസന പങ്കാളിത്തം നല്കുന്ന ഇന്ത്യന്‍ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം ഉയരുകയാണെന്നും ലോകബാങ്ക് പ്രതിനിധി ജുനൈദ് അഹമ്മദ് കോണ്‍ക്ലേവില്‍ ഈ പ്രഖ്യാപനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലവിതരണം, സംയോജിത ജലവിഭവ മാനേജ്മെന്റ്, ശുചിത്വം, നഗരവികസനം, മത്സ്യമേഖല തുടങ്ങി എല്ലാ മേഖലകളിലെ വികസനം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.