പഞ്ചാബ് മന്ത്രിസഭയിലെ ആഭ്യന്തര തര്‍ക്കത്തില്‍ വീണ്ടും നാടകീയ സംഭവം. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചുവെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിക്ക് ഒരു മാസം മുമ്പ് നല്കിയ കത്ത് പുറത്ത് വിട്ട് നവജ്യോത് സിങ് സിദ്ധു. ട്വിറ്ററിലൂടെയാണ് സിദ്ധു കത്ത് പുറത്തുവിട്ടത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 10നാണ് നവജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയില്‍ വന്ന് കണ്ടത്. ഈ സമയത്താണ് താന്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുന്നുവെന്ന് കാണിച്ചുള്ള കത്ത് സിദ്ധു രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്.
നിലവില്‍ പഞ്ചാബില്‍ ഊര്‍ജ മന്ത്രിയായ സിദ്ധു രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറുന്നതിന് പകരം പാര്‍ട്ടി അധ്യക്ഷന്‍ കൈമാറുകയായിരുന്നു. രാജി കൈമാറി ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് കത്തിന്റെ പകര്‍പ്പ് സിദ്ധു സ്വന്തം ട്വിറ്റര്‍ ഹാന്റിലിലൂടെ ഇന്ന് പുറത്തുവിട്ടത്. അമരീന്ദര്‍ സിങിനും സിദ്ധുവിനും ഇടയിലുണ്ടായിരുന്ന തര്‍ക്കം ഇപ്പോഴും അയഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിദ്ധുവിന്റെ പുതിയ നീക്കം.
ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിനിടെ നേരത്തെ പഞ്ചാബ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു. സിദ്ധുവിന്റെ ഭാര്യക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കുന്നതിനെച്ചൊല്ലിയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം ആരംഭിച്ചത്.