India Kerala

യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ് സി.ഐക്കാണ് ചുമതല. എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അടക്കം ആറ് പ്രതികള്‍ ഒളിവിലാണ്.

ഇന്നലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു.

അഖില്‍ ഉള്‍പ്പെടെ ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെ സംഘര്‍ഷം തുടങ്ങി.

അഖിലിനെ കുത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോളജിലെ എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. എസ്.എഫ്.ഐക്കെതിരെ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി.‌ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കോളജിലേക്ക് മടങ്ങിയെത്തിയതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. പിന്നാലെ അഞ്ച് പേരെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു.