ബി.എസ്.എൻ.എല്ലിലെ കരാറുകാർക്കുള്ള ബിൽ കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. കരാറുകാർ ചെയ്ത പ്രവൃത്തിക്കുള്ള ഫണ്ട് ബി.എസ്.എൻ.എൽ അനുവദിക്കാത്തതുമൂലം ഇവർക്ക് കീഴിലുള്ള തൊഴിലാളികളുടെ വേതനവും മുടങ്ങിയതായി കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബി.എസ്.എൻ.എല്ലിലെ കരാറുകാർക്ക് കുടിശ്ശിക വരുത്തിയ വാർത്ത മീഡിയവൺ ആണ് ആദ്യം പുറത്തുവിട്ടത്.
ചുവപ്പുനാടയിൽ കുടുങ്ങിയ ജീവിതങ്ങൾ എന്ന വാർത്താ പരമ്പരയിലൂടെയാണ് ബി.എസ്.എൻ.എല്ലിലെ കരാറുകാരുടെ പ്രശ്നം മീഡിയവൺ പുറത്തു കൊണ്ടുവന്നത്. അൻപതോളം കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക 60 കോടിയായിരുന്നു. മകളുടെ കല്യാണം രണ്ടു തവണ മാറ്റിവെച്ച കരാറുകാരൻ വരെ ഇക്കൂട്ടത്തിലുണ്ട്. വിഷയം ശ്രദ്ധയിൽ പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദിന് കത്തയച്ചു.
കരാറുകാർക്ക് ഫണ്ട് ലഭിക്കാതായതോടെ ഇവർക്ക് കീഴിലുള്ള തൊഴിലാളികൾക്ക് ഫെബ്രുവരി മാസം മുതലുള്ള ശമ്പളം മുടങ്ങിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.