എറണാകുളത്ത് യുവാവിന്റെ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് രംഗത്തെത്തി.
കുമ്പളം മാന്നനാട്ട് വീട്ടിൽ എം.എസ്. വിദ്യന്റെ മകൻ എം.വി. അർജുൻ മൃതദേഹം നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് കണ്ടെത്തിയത്. ജൂലൈ രണ്ടാം തീയതി ചൊവ്വാഴ്ച അർജുനെ കാണാതായതായി വീട്ടുകാർ പനങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. സംശയമുള്ള രണ്ടുപേരുടെ പേരും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് ബന്ധുകൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തിരുന്നു.അഞ്ചാം സംഭവത്തില്‍ സംശയിക്കുന്ന റോണി, നിബിൻ എന്നിവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടും കൂടുതൽ അന്വേഷണം നടത്താതെ ഇരുവരെയും പറഞ്ഞുവിട്ടുവെന്നും അര്‍ജുന്റെ കുടുംബം ആരോപിക്കുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അർജുനോടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരാതി ലഭിച്ച മൂന്നാം തിയതി തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നെന്നും ബന്ധുക്കളുടെ ആരോപണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡി.സി.പി ജി.പൂങ്കുഴലി പറഞ്ഞു.