കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് രാജിക്കത്ത് നല്കിയ എം.എല്‍.എമാര്‍ സുപ്രിം കോടതിയെ സമീപിച്ചു. ഹരജി നാളെ കോടതി പരിഗണിക്കും. സ്പീക്കര്‍ മനപ്പൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്നാണ് എം.എല്‍.എമാരുടെ പരാതി.
അതേസമയം മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന രാജി വെച്ച കര്‍ണാടക എം.എല്‍.എ മാരെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. ശിവകുമാറിനെ റിസോര്‍ട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് എം.എല്‍.എമാര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശിവകുമാറിനെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് മുംബൈ പൊലീസ്. റിസോര്‍ട്ടിന് പുറത്ത് ജെ.ഡി.എസ് എം.എല്‍.എ നാരായണന് ഗൌഡയുടെ അനുയായികള്‍ പ്രതിഷേധിച്ചു.
എന്നാല്‍ റിസോര്‍ട്ടില്‍ താന്‍ മുറിയെടുത്തിട്ടുണ്ടെന്നും തന്നെ തടയാനാവില്ലെന്നും ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് എത്തിയതെന്നും പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി നാടകം കളിക്കുകയാണെന്നും മടങ്ങിപ്പോകില്ലെന്നും ശിവകുമാര്‍ പറഞ്ഞു. റിസോര്‍ട്ടിലെത്തിയ ശിവകുമാറിനെ പൊലീസ് തടഞ്ഞു.
ഡി.കെ ശിവകുമാറുമായി നല്ല ബന്ധമാണുള്ളതെന്ന് റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.എല്‍.എ ബസവരാജ് പറഞ്ഞു. എന്നാല്‍ രാജിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആരുമായും സംസാരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ബസവരാജ് പറഞ്ഞു. ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും വേണുഗോപാല്‍ പറഞ്ഞു.