ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പുനഃസംഘന ചര്‍ച്ചകള്‍ക്കെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഒരുക്കവും ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് നിലവിലെ സ്ഥിതി വിശദീകരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളില്‍ വിശദമായ കൂടിയാലോചന വേണമെന്നായിരുന്ന കൂടിക്കാഴ്ച്ചയില്‍ ഉയര്‍ന്ന അഭിപ്രായം.
തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവര്‍ മുകുള്‍ വാസ്‌നിക്കുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയത്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. ഫെബ്രുവരി പകുതിയോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കോര്‍കമ്മിറ്റി യോഗത്തില്‍ ധാരണയായിരുന്നു. അതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ രൂപീകരണവും ചര്‍ച്ചയായേക്കും.
സംസ്ഥാനം സന്ദര്‍ശിച്ച മുകുള്‍ വാസ്‌നിക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും. കെ.പി.സി.സി പുനഃസംഘടനയും ചര്‍ച്ചയില്‍ വരാനിടയുണ്ട്. മുല്ലപ്പള്ളിയുടെ കേരളയാത്ര ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന സാഹചര്യത്തില്‍ അഴിച്ചുപണി പ്രായോഗികമല്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഈ മാസം 29 നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം. പരിപാടിക്ക് കൊച്ചിയില്‍ എത്തുന്ന രാഹുല്‍ഗാന്ധി ബൂത്ത് അധ്യക്ഷന്മാരുടെ യോഗത്തെ അഭിസംബോധന ചെയ്യും.