India Kerala

രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പ്രതികളായ റെജിമോനും നിയാസും

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വെച്ച് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പ്രതികളായ റെജിമോനും നിയാസും മൊഴി നല്‍കി. ഇരുവരേയും പീരുമേട് കോടതി എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ മുമ്പ് അറസ്റ്റിലായ എസ്.ഐ സാബുവിനെ കോടതി നാളെ ആറ് വരെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എസ്.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

പ്രതി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ എ.എസ്.ഐ റെജിമോന്‍ രണ്ടാം പ്രതിയും പൊലീസ് ഡ്രൈവര്‍ മൂന്നാം പ്രതിയുമാണ്. ഇരുവരും കുറ്റം ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ രണ്ടാം നിലയില്‍വച്ചാണ് ഇരുവരും രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കൈ പിന്നിലേക്ക് കെട്ടി ഇരുവരും മാറി മാറി മര്‍ദ്ദിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരുവരെയും പീര്മേട് കോടതി 8 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദേവികുളം സബ്ജയിലിലാകും ഇരുവരെയും പാര്‍പ്പിക്കുക.

അതിനിടെ മുമ്പ് അറസ്റ്റിലായ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. നാളെ വൈകിട്ട് ആറ് വരെയാണ് കസ്റ്റഡി കാലാവധി. കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. ഇടുക്കി എസ്.പി ആയിരുന്ന കെ.ബി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഇടുക്കി ജില്ലാ കമ്മറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സ്റ്റേഷനു മുമ്പില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു.