നാളെ നടക്കുന്ന ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള സെമി ഫൈനല്‍പോരാട്ടത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെ മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്തുവന്നത് ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനമാണ് ക്രിക്കറ്റ് ആവേശത്തെ തണുപ്പിക്കുന്നത്. മഴ പെയ്ത് ഇന്ത്യ ന്യൂസിലന്റ് സെമി തടസപ്പെട്ടാല്‍ എന്ത് സംഭവിക്കും?
ചൊവ്വാഴ്ച്ചത്തെ മത്സരം മഴമൂലം തടസപ്പെട്ടാല്‍ ഗ്രൂപ്പ് സ്റ്റേജിലേതുപോലെ പോയിന്റുകള്‍ പങ്കുവെച്ച് പിരിയുക അസാധ്യമാണ്. തൊട്ടടുത്ത ദിവസത്തേക്ക് മത്സരം മാറ്റുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. സെമി മത്സരങ്ങള്‍ക്കും ഫൈനലിനും റിസര്‍വ് ദിവസങ്ങളുണ്ട്. ഈ ദിവസത്തെ കളിയും മഴ മുടക്കിയാലാണ് അടുത്ത പ്രശ്നം ഉടലെടുക്കുക.
നിലവില്‍ അതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. റിസര്‍വ് ഡേ അടക്കമുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് മാഞ്ചസ്റ്ററിലെ കാലാവസ്ഥ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കായിരിക്കും അതിന്റെ ആനുകൂല്യം ലഭിക്കുക. കളിക്കാതെ തന്നെ ഇന്ത്യ ഫൈനലിലെത്തും. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനവും പോയിന്റുകളുമാണ് ഇതില്‍ മാനദണ്ഡമാവുക.
ഇന്ത്യയും ന്യൂസിലന്റും തമ്മില്‍ ഗ്രൂപ് തലത്തില്‍ നടന്ന മത്സരവും മഴ മൂലം തടസപ്പെട്ടിരുന്നു. ഒമ്പത് കളികളില്‍ നിന്ന് 15 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചത്. മറുവശത്ത് നന്നായി തുടങ്ങിയെങ്കിലും മൂന്ന് മത്സരങ്ങള്‍ തോറ്റ് 11 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ന്യൂസിലന്റ് സെമിയിലെത്തിയത്.