Movies

ഇത് കപില്‍ തന്നെ; പിറന്നാള്‍ ദിനത്തില്‍ 83യുടെ ഫസ്റ്റ് ലുക്കുമായി രണ്‍വീര്‍

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ പടയോട്ടം തുടരുമ്പോൾ രാജ്യത്തിന് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ചരിത്ര മുഹൂർത്തത്തിന്റെ കഥ അണിയറയിൽ ഒരുങ്ങുകയാണ്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ വൻതാര നിരകൾ കൊണ്ട് തന്നെ സമ്പുഷ്ടമാണ്. അതിലേറ്റവും എടുത്ത പറയേണ്ട പേരാണ് രൺവീർ സിംഗിന്റേത്. അന്നത്തെ ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന കപിൽ ദേവിനെ അവതരിപ്പിക്കുന്നത് രൺവീറാണ്. തന്റെ 34ാം പിറന്നാൾ ദിനത്തിൽ 83യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ബോളിവുഡ് താരം.

വെള്ള ജഴ്‌സിയിട്ട് ബോളുമായി തീക്ഷ്ണ നോട്ടത്തോടെ നിൽക്കുന്ന രൺവീറിന്റെ ചിത്രം കണ്ടാൽ 80-കളിലെ കപിൽദേവ് തന്നെയാണെന്ന് തോന്നിപ്പോകും. ഹരിയാന കൊടുങ്കാറ്റ് കപിൽ ദേവിനെ ഇതാ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് രൺവീർ ഫസ്റ്റ് ലുക്ക് ട്വിറ്ററിൽ പങ്കുവച്ചത്. 83-ലെ കപിൽദേവാകാൻ വേണ്ടി താരം കഠിനമായി വ്യായാമം ചെയ്യുന്നുണ്ട്. ഇതിനുപുറമെ, ഇതിഹാസ താരത്തിന്റെ ഒപ്പം ചെലവഴിച്ച് അദ്ദേഹത്തിന്റെ ശരീരഭാഷയും മറ്റും മനസിലാക്കുകയും ചെയ്തു. വിദഗ്ധരായ മേക്കപ്പ് ആർട്ടിസ്റ്റുകളും സാങ്കേതിക വിദഗ്ധരും ചേരുന്നതോടെ യഥാർത്ഥ കപിലിനോട് ഏറ്റവുമധികം സാമ്യമുള്ള കഥാപാത്രത്തെ തന്നെ സ്‌ക്രീനിൽ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചിത്രത്തിൽ കപിലിന്റെ ഭാര്യ റോമി ഭാട്ടിയ ആയി വേഷമിടുന്നത് രൺവീറിന്റെ പ്രിയതമ കൂടിയായ ദിപീക പദുക്കോണാണ്. ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി വേഷമിടുന്നത് തമിഴ് താരം ജീവയാണ്. ബൽവീന്ദർ സിംഗ് സന്ദുവായി പഞ്ചാബി താരം ആമി വിർകും അഭിനയിക്കും.

റിലയൻസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമിക്കുന്നത്. ബജ്‌റംഗി ഭായ്ജാൻ, ഏക് ഥാ ടൈഗർ, ട്യൂബ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കബീർ ഖാന്റെ സംവിധാന കരിയറിലെ നാഴികക്കല്ലാവും 83യെന്നാണ് കരുതുന്നത്. സ്‌പോർട്‌സ് പ്രമേയമായി പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ വച്ച് ഏറ്റവും ചെലവ് കൂടിയ ചിത്രമായിരിക്കും 83യെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുക്കുന്ന ചിത്രം 2020 ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും.