ന്യൂഡൽഹി: പാകിസ്താൻ വ്യോമമേഖല അടച്ചതു കാരണം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നാല് മാസം കൊണ്ട് നഷ്ടമായത് 548 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ. ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ്, ഫെബ്രുവരി 27 ന് തങ്ങളുടെ ആകാശ പരിധിയിലൂടെ ഇന്ത്യൻ വിമാനങ്ങൾ പറക്കേണ്ടതില്ലെന്ന നിലപാട് പാകിസ്താൻ കൈക്കൊണ്ടത്. ഇതിൽ ഏറ്റവുമധികം നഷ്ടമുണ്ടായത് കൂടുതൽ ദീർഘദൂര സർവീസ് നടത്തുന്ന എയർ ഇന്ത്യക്കാണ്. ജൂലൈ രണ്ടുവരെ എയർ ഇന്ത്യക്കുണ്ടായ നഷ്ടം 491 കോടിയെന്ന് സർക്കാർ വ്യക്തമാക്കി.
യൂറോപ്പിലേക്കും യു.എസ്സിലേക്കും ഇന്ത്യയിൽ നിന്നുള്ള ദീർഘദൂര വിമാനങ്ങൾ പാകിസ്താൻ വ്യോമപരിധിയിലൂടെയാണ് പറന്നിരുന്നത്. ഇത് സാധ്യമല്ലാതായതോടെ ഒമാന്റെ വ്യോമപരിധി ഉപയോഗിക്കേണ്ടി വന്നു. ഇന്ധനം നിറക്കുന്നതിനായി ഒരു തവണ അധികം നിലത്തിറക്കേണ്ടി വരുന്നതും രണ്ട് മണിക്കൂർ അധികം സഞ്ചരിക്കുന്നതിനും ഇടയാക്കി ഈ മാറ്റം. എയർ ഇന്ത്യക്ക് ഓരോ ദിവസവും ഈയിനത്തിൽ 3.8 കോടി രൂപയാണ് നഷ്ടമുണ്ടായത്. ജൂൺ 20 വരെ സ്പപെസ്‌ജെറ്റിന് 30.73 കോടിയും ഗോഎയറിന് 2.1 കോടിയും ഇൻഡിഗോക്ക് 25 കോടിയും നഷ്ടമുണ്ടായി.
വിലക്ക് നീക്കാൻ പാകിസ്താനുമായി നയതന്ത്ര ചർച്ച നടത്തുമോ എന്ന ചോദ്യത്തിന്, അക്കാര്യത്തിൽ പാകിസ്താനാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇന്ത്യയുടെ സൈനികേതര നടപടിക്കു ശേഷം പാകിസ്താൻ ഏകപക്ഷീയമായാണ് നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മിക്ക വിമാനങ്ങൾക്കുമുള്ള വിലക്കുകൾ പാകിസ്താൻ ഇതിനകം നീക്കിയിട്ടുണ്ടെങ്കിലും കിഴക്കൻ അതിർത്തി വഴി ഇന്ത്യയിൽ നിന്ന് പ്രവേശിക്കുന്ന വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടില്ല. ജൂലൈ 12 വരെ വിലക്ക് തുടരുമെന്ന് പാകിസ്താൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.