കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിൽ തൃശൂർ പീച്ചി അണക്കെട്ട്. ശക്തമായ മഴ ഉടൻ ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷിക ആവശ്യത്തിനും പീച്ചി അണക്കെട്ടിനെ ആശ്രയിക്കുന്നവർക്ക് വലിയ ദുരിതമായിരിക്കും ഇത്തവണ അഭിമുഖീകരിക്കേണ്ടി വരിക.
അഞ്ചു ലക്ഷത്തോളം ആളുകളാണ് കുടിവെള്ളത്തിനായി പീച്ചി അണക്കെട്ടിനെ ആശ്രയിക്കുന്നത്. പീച്ചിയുമായി ബന്ധപ്പെട്ട കനാലുകളിലെ വെള്ളത്തെ ആശ്രയിച്ചു കാർഷിക വൃത്തിയിൽ ഏർപ്പെട്ടവരും ഏറെ. ഏകദേശം 3000 ത്തോളം ഹെക്ടർ കൃഷി ഭൂമിയുടെ ആശ്രയമാണ് പീച്ചിയിൽ നിന്നുള്ള വെള്ളം. പീച്ചിയിലെ ഇത്തവണത്തെ ജലനിരപ്പിൽ അതുകൊണ്ടു തന്നെ ആശങ്കയിൽ കഴിയുന്നവർ ഏറെ.നല്ല മഴ ലഭിക്കുന്ന ജൂലൈ മാസത്തിൽ ഓരോ ദിവസവും ജലനിരപ്പ് ഉയരുന്നതാണ് പീച്ചി അണക്കെട്ടിന്റെ ചരിത്രം. എന്നാൽ കഴിഞ്ഞ പത്തു വർഷത്തെ കണക്കു പരിശോധിച്ചാൽ ഓരോ ദിവസവും ഇത്തവണ ജല നിരപ്പ് കുറയുകയാണ്.
പീച്ചിയിൽ നിന്ന് ജല അതോറിറ്റിക്ക് പ്രതിദിനം കുടിവെള്ള വിതരണത്തിനായി നൽകുന്നത് 5.5 കോടി ലിറ്റർ വെള്ളമാണ്. തൃശൂർ കോര്‍പറേഷനിലെയും സമീപത്തെ പത്തോളം പഞ്ചായത്തുകളിലെയും ശുദ്ധ ജല വിതരണം പീച്ചിയിൽ വെള്ളം കുറഞ്ഞാൽ താറുമാറാകും. കഴിഞ്ഞ വര്‍ഷം ഈ സമയത്തു സംഭരണ ശേഷിയുടെ അടുത്തേക്കുള്ള ഒഴുക്കിലായിരുന്നു പീച്ചി.