ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അറുപതോളം വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന തീരെ സുതാര്യമല്ലാത്തതും നീതിപൂർവ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്നും ഇന്ത്യൻ പൗരന്മാരോട് ഉത്തരവാദിത്തവും തുറന്ന മനോഭാവവും ഉണ്ടായിരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ കടമയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു . മുഖ്യ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ അശോക് ലാവാസ, സുശീൽ ചന്ദ്ര എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് തുറന്ന കത്ത്.
ജനാധിപത്യ പ്രക്രിയയെ അതിന്റെ വിശുദ്ധിയോടെ നിലനിർത്താൻ ഏൽപ്പിക്കപ്പെട്ട ഭരണഘടനാ സ്ഥാപനം തന്നെ അതിന്റെ അടിത്തറ തോണ്ടാൻ കൂട്ടുനിന്നു. സുതാര്യത പാലിക്കുന്നതിനാവശ്യമായ കാര്യങ്ങളിൽ ചിലത് ഒഴിവാക്കുകയും ദുരൂഹമായ കാര്യങ്ങൾ നടപ്പാക്കുകയും ചെയ്തു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചതിലൂടെ ഒരു പ്രത്യേക സംഘടനയോട് തെരെഞ്ഞെടുപ്പ് കമീഷൻ പക്ഷപാതിത്വം കാണിച്ചുവെന്നും കത്തിൽ ഒപ്പു വെച്ചവർ കുറ്റപ്പെടുത്തി
കമ്മീഷൻ തെരെഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് മാർച്ച് 10 വരെ വൈകിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫെബ്രുവരി 8 മുതൽ മാർച്ച് 9 വരെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണെന്നു ന്യായമായ സംശയങ്ങളുണ്ട്. നിലവിലെ സർക്കാറിന്റെ പദ്ധതികൾക്കനുസരിച്ച് സമയ ക്രമീകരണങ്ങൾ നടത്തുന്നത് കമീഷന്റെ സ്വാതന്ത്ര്യത്തെയും നിക്ഷ്പക്ഷതയെയും കുറിച്ച് ജനങ്ങളിൽ സംശയം ജനിപ്പിക്കുന്നു. മുൻ മുഖ്യ വിവരാവകാശ കമ്മീഷണർ വാജാഹത് ഹബീബുള്ള, ഹർഷ് മന്ദർ, ജപ്പാനിലെ മുൻ ഇന്ത്യൻ അംബാസിഡർ അഫ്താബ് സേഥ്, മുൻ യു.പി.എസ്. ഇ മെമ്പർ പ്രവീൺ തൽഹ, മുൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി ജനറൽ പി.എസ്.എസ് തോമസ്, മുൻ കേന്ദ്ര ഗവർമെന്റ് സെക്രട്ടറി സി.ബാബു രാജീവ് തുടങ്ങി 80-ലധികം മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒപ്പിട്ട കത്തിന് വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് വിരമിച്ച ആളുകളുടെ പിന്തുണയുണ്ട്.
ദളിതരും മുസ്ലിങ്ങളുമായ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ചും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയവരെ കൈകാര്യം ചെയ്തതിലെ പക്ഷപാതിത്വം സംബന്ധിച്ചുമെല്ലാം കത്ത് സൂചിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഹെലികോപ്പ്റ്റർ പരിശോധന നടത്തിയതിനു മുഹമ്മദ് മുഹ്സിൻ എന്ന കർണാടക കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടിയിലെ അപാകതകൾ ചൂണ്ടി കാട്ടിയ ഇരുപത് പേജുള്ള കത്തിൽ തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന്റെ നിയമങ്ങളും മാധ്യമ പെരുമാറ്റ ചട്ടവും ഭരണകക്ഷി ലംഘിച്ചതും ഇ.വി.എമ്മിൽ വിശ്വാസ്യത നഷ്ട്ടപ്പെട്ടതുമെല്ലാം പരാമർശിക്കുന്നു. മൊത്തത്തിൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ വളരെ ശക്തമായ സംശയങ്ങൾ ഉന്നയിച്ചു കൊണ്ടും പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസ്യത തിരികെ പിടിക്കാൻ കത്തിൽ ചൂണ്ടി കാണിച്ച കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്