Football Sports

ചിലിയെ തകര്‍ത്ത് പെറു ഫൈനലില്‍

കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ചിലിയെ അട്ടിമറിച്ച് പെറു കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഫൈനലില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ തകര്‍പ്പന്‍ വിജയം. 1975ന് ശേഷം ആദ്യമായാണ് പെറു കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്നത്. ജയത്തോടെ ബ്രസീല്‍-പെറു തമ്മിലായി ഫൈനല്‍ പോരാട്ടം. പെറുവിനായി എഡിസണ്‍ ഫ്‌ളോറസ്, യോഷിമര്‍ യോട്ടന്‍, പോളോ ഗ്വെറേറോ എന്നിവര്‍ ഗോള്‍ നേടി.

ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നതെങ്കില്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെയായിരുന്നു പെറുവിന്റെ മൂന്നാം ഗോള്‍. അതിനിടെ ഒരു ഗോള്‍ മടക്കാന്‍ പെനല്‍റ്റി കിക്കിലൂടെ ചിലിക്ക് അവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ പിടികൂടി. മത്സരത്തിലുടനീളം പെറു ഗോള്‍ കീപ്പറുടെ സേവുകളും ടീമിന്റെ രക്ഷക്കെത്തി. 21ാം മിനുറ്റില്‍ എഡിസണ്‍ ഫ്‌ളോറസിലൂടെയായിരുന്നു പെറു മുന്നിലെത്തിയത്. ഇതിന്റെ ഷോക്ക് മാറും മുമ്പെ ചിലിക്ക് അടുത്ത പ്രഹരവും കിട്ടി.

38ാം മിനുറ്റില്‍ യോഷിമറായിരുന്നു പെറുവിനായി ലീഡ് എടുത്തത്. രണ്ട് ഗോളിന്റെ കടവുമായി ചിലി ഒന്നാം പകുതിക്ക് പിരിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയിലും കാര്യങ്ങള്‍ ചിലിക്ക് അനുകൂലമായില്ല. ഗോള്‍ അടിക്കാന്‍ കഴിവതും ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇഞ്ച്വറി ടൈമില്‍ പോലോ ഗ്വെറേറൊ പെറുവിനായി മൂന്നാം ഗോള്‍ നേടിയതോടെ പരാജയം സമ്പൂര്‍ണമായി. എട്ടാം തിയതിയാണ് ബ്രസീല്‍-പെറു ഫൈനല്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റു മുട്ടിയപ്പോള്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബ്രസീല്‍ പെറുവിനെ തോല്‍പിച്ചിരുന്നു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടും. ഏഴാം തിയതിയാണ് ഈ മത്സരം.