എം.പിക്ക് പ്രതിനിധിയെ ഏര്‍പ്പെടുത്തിയെന്ന വിവാദത്തില്‍ മറുപടിയുമായി സണ്ണിഡിയോള്‍. തന്റെ അസാന്നിധ്യത്തില്‍ മണ്ഡലത്തിലെ ജോലികള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ പി.എ നിയമനം നടത്തുക മാത്രമാണ് ചെയ്തത്. വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും വിശദീകരണ കുറിപ്പില്‍ ഗുര്‍ദാസ്പൂര്‍ എം.പിയായ സണ്ണിഡിയോള്‍ വ്യക്തമാക്കി. വിവാദത്തില്‍ സണ്ണിഡിയോളിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു
മണ്ഡലവുമായി ബന്ധപ്പെട്ട യോഗങ്ങളിലും പ്രധാനപ്പെട്ട കാര്യങ്ങളിലും ഇടപെടാന്‍ ഗുര്‍പ്രീത് സിങ് പലേരിയെ ചുമതലപ്പെടുത്തുന്നുവെന്നതായിരുന്നു കഴിഞ്ഞ ദിവസം സണ്ണിഡിയോള്‍ പുറത്തിറക്കിയ അറിയിപ്പ്. ഔദ്യോഗിക ലെറ്റര്‍പാഡിലായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നാലെ വലിയ വിവാദം പൊട്ടിപുറപ്പെട്ടു. എം.പിക്ക് ഒരു പ്രതിനിധിയെ ഏര്‍പ്പെടുത്തുന്നത് വോട്ടര്‍മാരോടുള്ള വഞ്ചനായാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി സണ്ണി ഡിയോള്‍ രംഗത്തെത്തിയത്.
വിവാദം ദൗര്‍ഭാഗ്യകരമാണെന്നും താന്‍ മണ്ഡലത്തിലെ ജോലികള്‍ കൃത്യമായി നടക്കാനായി പി.എ യെ ആണ് നിയമിച്ചത്. തന്റെ അസാന്നിധ്യത്തിലും ജോലികള്‍ നടക്കാനായാണ് ഇതെന്നും പുറത്തിറക്കിയ കുറിപ്പില്‍ സണ്ണി ഡിയോള്‍ പറയുന്നു. ഗുര്‍ദാസ്പൂരില്‍ എം.പിയായിരുന്ന സുനില്‍ ജക്കാറിനെ തോല്‍പ്പിച്ചാണ് നടനായ സണ്ണിഡിയോള്‍ മണ്ഡലത്തില്‍ ജയിച്ചു കയറിയത്. 82,459 വോട്ടിനായിരുന്ന സണ്ണിഡിയോളിന്റെ വിജയം.