മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യപ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. 26 പ്രതികളുള്ള കേസില്‍ 16 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിചാരണ നടപടികളുടെ ഭാഗമായി സെഷന്‍സ് കോടതി ഇന്ന് കേസ് പരിഗണിക്കും.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 കാമ്പസ് ഫ്രണ്ട് – പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 16 പേര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇവരുടെ വിചാരണ നടപടികളുടെ ഭാഗമായി ഇന്ന് എറണാകുളം സെഷന്‍സ് കോടതി ഹരജി പരിഗണിക്കുന്നുണ്ട്. പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനുള്ള തിയതി നിശ്ചയിക്കുന്ന നടപടിയാകും ഇന്നുണ്ടാകുക.
16 പ്രതികളില്‍ രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. അഭിമന്യുവിനെ കുത്തിയ 10ആം പ്രതി സഹല്‍, കേസിലെ സാക്ഷി അര്‍ജ്ജുനെ കുത്തി പരിക്കേല്‍പിച്ച 12ആം പ്രതി മുഹമ്മദ് ഷാഹിം എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. വിചാരണ നേരിടുന്ന അഞ്ച് പേരാണ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്. ശേഷിക്കുന്നവര്‍ക്ക് ജാമ്യം ലഭിച്ചു. കുറ്റപത്രം സമര്‍പ്പിക്കാത്ത 10 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.