പരിയറും പെരുമാള്‍ സിനിമയിലൂടെ സമൂഹത്തിലെ ജാതീയതയെ കൃത്യമായി അടയാളപ്പെടുത്തി കൈയടി നേടിയ സംവിധായകനാണ് മാരി ശെല്‍വരാജ്. തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനമാണ് പരിയറും പെരുമാളിലൂടെ മാരി ശെല്‍വരാജ് പകര്‍ത്തിയിരിക്കുന്നത്. നിരവധി പുരസ്ക്കാരങ്ങളും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം ഇപ്പോൾ തമിഴ്നാട് സര്‍ക്കാര്‍ പന്ത്രണ്ടാം ക്ലാസ് സിലബസില്‍ ഉൾപെടുത്തിയിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിലെ കോനാർ തമിഴ് ഉരെയിൽ (പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഗൈഡ്) ചിത്രത്തിലെ പല രംഗങ്ങളും പരാമർശിക്കുന്നുണ്ട്.
മാരി ശെല്‍വരാജിന്റെ പരിയറും പെരുമാളില്‍ ദളിത് യുവാവായ പരിയനും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ജ്യോതിയും തമ്മിലുള്ള സൌഹൃദമാണ് കാണിക്കുന്നത്. ശേഷം രൂപപ്പടുന്ന ജാതിയമായ അക്രമണങ്ങള്‍ കൃതൃമായി തന്നെ പരിയറും പെരുമാളില്‍ കാണിക്കുന്നുണ്ട്. പാ രഞ്ജിതിന്റെ നീലം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്. പാ രഞ്ജിതും മാരി ശെല്‍വരാജും ദലിത് വിഭാഗത്തില്‍പ്പെട്ട സംവിധായകരായത് കൊണ്ട് തന്നെ സിനിമകളിലൂടെ തങ്ങളുടെ രാഷ്ടീയവും കൃതൃമായി അടയാളപ്പെടുത്താറുണ്ട് ഇവര്‍. പാ രഞ്ജിത് സിനിമകളിലെ സ്ഥിരം സംഗീത സംവിധായകൻ സന്തോഷ് നാരായണൻ തന്നെയാണ് ഈ സിനിമയുടെയും സംഗീതം നിർവഹിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് മാരി സെല്‍വരാജ്, വിവേക്, പെരുമാള്‍ വാധ്യാര്, ചിന്നസാമിദാസന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം തിയേറ്റുകളില്‍ വന്‍ വിജയമായിരുന്നു.