Cricket Sports

ഇന്ത്യക്ക് ബാറ്റിംങ്, ഓപണര്‍മാര്‍ പുറത്ത്

ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് പതിഞ്ഞ തുടക്കം. ഓപണര്‍മാരായ രോഹിത് ശര്‍മ്മയെയും(18) കെ.എല്‍ രാഹുലിനേയും(48) ഇന്ത്യക്ക് നഷ്ടമായി. 21.3 ഓവറിലാണ് ഇന്ത്യ നൂറ് റണ്‍ പൂര്‍ത്തിയാക്കിയത്.

ആറാം ഓവറിലെ അവസാന പന്തിലാണ് രോഹിത് ശര്‍മ്മയുടെ വിവാദപുറത്താവലുണ്ടായത്. ബാറ്റിനും പാഡിനുമിടയിലൂടെ റോച്ചിന്റെ പന്ത് കീപ്പര്‍ കൈപ്പിടിയിലൊതുക്കി. രോഹിത്തിനെതിരെ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ അനങ്ങിയില്ല. ഇതോടെ വിന്‍ഡീസ് ഡി.ആര്‍.എസ് വിളിക്കുകയായിരുന്നു.

മൂന്നാം അമ്പയര്‍ ആദ്യ പരിശോധനയില്‍ തന്നെ ഔട്ട് വിളിക്കുകയും ചെയ്തു. പന്ത് രോഹിത് ശര്‍മ്മയുടെ ബാറ്റിലല്ല പാഡിലാണ് തട്ടിയതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. അര്‍ധസെഞ്ചുറിയിലേക്ക് അടുത്ത കെ.എല്‍ രാഹുലിന്റെ(48) വിക്കറ്റ് ഹോള്‍ഡര്‍ തെറിപ്പിച്ചു. അപ്പോഴേക്കും രണ്ടാം വിക്കറ്റില്‍ രാഹുലും കോഹ്#ലിയും ചേര്‍ന്ന് 69 റണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മുന്‍ മത്സരത്തില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി20 സ്പെഷ്യലിസ്റ്റുകളുടെ ഏകദിന സംഘം എന്ന ലേബലില്‍ വന്ന് കാര്യമായ ചലനം ഉണ്ടാക്കാനാകാതെ നില്‍ക്കുകയാണ് വിന്‍ഡീസ്.

ജയിച്ചത് ഒരു മത്സരം മാത്രം. മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് അവരിപ്പോള്‍. ഇന്ത്യക്കെതിരെയും തോറ്റാല്‍ പുറത്തായവരുടെ കൂട്ടത്തില്‍ ഔദ്യോഗികമായി പേരെഴുതാം. അതിനാല്‍ പ്രതീക്ഷയുടെ അവസാന കനല്‍ കെടാതിരിക്കാന്‍ ഒരു ജയം. അതാണ് കരീബിയക്കാരുടെ മനസില്‍.