ബാഗും പുസ്തകങ്ങളും ഇല്ലാതെ പഠന ഭാരം പൂർണമായും ഇല്ലാതാക്കിയിരിക്കുകയാണ് വയനാട്ടിലെ ഒരു പൊതു വിദ്യാലയം. സംസ്ഥാനത്തെ ആദ്യ സ്കൂൾബാഗ് രഹിത വിദ്യാലയമെന്ന ഖ്യാതി നേടിയത് തരിയോട് എസ്.എ.എൽ.പി സ്കൂളാണ്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽനിന്നുള്ള ആദിവാസി വിദ്യാർത്ഥികളാണ് തരിയോട് എസ.എ.എൽ.പി സ്കൂളിലെ പകുതിയോളം കുട്ടികൾ. ഭാഗിന്‍റെ ഭാരമില്ലാതെ കയ്യും വീശി പഠിക്കാനെത്തുന്ന ഈ കുട്ടികൾക്കിന്ന് പഠനം ഒരു ഭാരമേയല്ല.
സംസ്ഥാനത്തെ ആദ്യ ബാഗ്‍ രഹിത വിദ്യാലയമായി മാറിയ സ്കൂളിൽ പഠനം മധുരം എന്നത് വെറുംവാക്കല്ല. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തു പകരുന്ന ബാഗ് രഹിത പരിഷ്കരണത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടുവെക്കുക കൂടിയായിരുന്നു തരിയോട് എസ്.എൽ.പി സ്കൂൾ. സ്കൂളിൽ കഴിഞ്ഞ നാലു വർഷമായി കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ആയിട്ടുണ്ട്. സ്കൂളിലും വീട്ടിലുമായി ഓരോ സെറ്റ് പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും സൂക്ഷിക്കുന്ന കുട്ടികൾ പഠന പ്രവർത്തനങ്ങൾക്കായുള്ള ഒരു പുസ്തകം മാത്രമാണ് കയ്യിൽ കരുതുന്നത്.