India Kerala

കര്‍ഷക കടങ്ങളുടെ മൊറട്ടോറിയം നീട്ടാന്‍ വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും


പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയത്തിന്റെ കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടുന്നതിന് വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും.‍ ഇന്ന് ചേര്‍ന്ന സംസ്ഥാന തല ബാങ്കേര്‍സ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മൊറട്ടോറിയത്തിന്‍റെ നിലവിലെ കാലവധിയായ ജൂലൈ 31ന് ശേഷവും ജപ്തി നടപടികളുണ്ടാവില്ലെന്ന് ബാങ്കുകള്‍ സര്‍ക്കാരിന് ഉറപ്പുനല്‍കി. സര്‍ഫാസി നിയമത്തിലെ കൃഷി ഭൂമിയുടെ നിര്‍വചനം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉപസമിതി രൂപീകരിക്കാനും ബാങ്കേര്‍സ് സമിതിയുടെ നിര്‍ണായക യോഗത്തില്‍ തീരുമാനമായി.

മൊറട്ടോറിയം കാലാവധി ജൂലൈ 31ല്‍ നിന്ന് ഡിസംബര്‍ 31 വരെ നീട്ടി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതോടെയാണ് നേരത്തെ ജപ്തി നടപടികള്‍ സംബന്ധിച്ച് പരസ്യം നല്‍കിയ ബാങ്കേഴ്സ് സമിതി നിലപാട് മാറ്റിയത്. സാങ്കേതികത്വം പറഞ്ഞ് സാമൂഹിക ബാധ്യത കയ്യൊഴിയരുതെന്ന് മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് കൃഷി മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ആവശ്യം വീണ്ടും റിസര്‍വ് ബാങ്കിന് മുന്നില്‍ ഉന്നയിക്കാന്‍ തീരുമാനമായത്. ഇതിനകം വായ്പ പുനക്രമീകരിച്ചവര്‍ക്ക് ഡിസംബര്‍ 31 വരെ സമയം നീട്ടിനല്‍കണം. അവര്‍ക്കെതിരായ ജപ്തി നടപടികള്‍ ഒഴിവാക്കും. വായ്പ പുനക്രമീകരണത്തിനുള്ള സമയപരിധി 2018 ഡിസംബര്‍ 31ന് അവസാനിച്ചതിനാല്‍ വീണ്ടും അവസരം നല്‍കണം. സമയം നീട്ടുമ്പോള്‍ കിട്ടാക്കടമായി മാറുമെന്ന ബാങ്കുകളുടെ ആശങ്ക പരിഹരിക്കാനും റിസര്‍വ് ബാങ്കിനോടാവശ്യപ്പെടും. റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് കൃഷിമന്ത്രി സമയം തേടിയിട്ടുണ്ട്.

നെല്ലിന് പുറമെ മറ്റ് വിളകള്‍ കൃഷി ചെയ്യുന്ന ഭൂമിയെയും സര്‍ഫാസി നിയമപ്രകാരം ജപ്തിയില്‍ നിന്നൊഴിവാക്കുന്ന തരത്തില്‍ നിയമത്തില്‍ വ്യക്തത കൊണ്ടുവരുന്നതിനാണ് ഉപസമിതി. കൃഷി, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, നബാര്‍ഡ്, ബാങ്ക് പ്രതിനിധികള്‍ ഉള്‍പ്പെട്ടതാകും ഉപസമിതി.