Cricket Sports

റസലിനെ പൂട്ടാന്‍ ഞങ്ങളുടെ അടുത്ത് പ്ലാനുണ്ടെന്ന് ചാഹല്‍

ലോകകപ്പില്‍ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യയുടെ അടുത്ത മത്സരം വെസ്റ്റ്ഇന്‍ഡീസുമായാണ്. അപകടം പിടിച്ച ബാറ്റ്‌സ്മാന്മാരുടെ നിരയുമായാണ് വിന്‍ഡീസ് എത്തുന്നത്. ക്ലിക്കായാല്‍ ആര്‍ക്കും തടുക്കാന്‍ പറ്റില്ലെന്ന നിലയിലാണ് വിന്‍ഡീസിന്റെ വെടിക്കെട്ടുകാര്‍ ബാറ്റുവീശുക. അതിന് മുമ്പില്‍ ആന്‍ഡ്രെ റസലും. ഐപിഎല്ലില്‍ റസലിന്റെ ബാറ്റിങ് മിടുക്ക് അറിഞ്ഞതാണ്.

ഇന്ത്യയുടെ കുല്‍-ചാ സഖ്യമൊക്കെ റസലിന്റെ ബാറ്റിങ് ചൂടറിഞ്ഞവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ ലോകകപ്പില്‍ റസലിന്റെ ബാറ്റ് അത്ര ചലിച്ചിട്ടില്ല. ഇന്ത്യക്കെതിരായ മത്സരത്തിലും അത് അങ്ങനെതന്നെ നിര്‍ത്താനാണ് ശ്രമം. റസലിനെ മെരുക്കാന്‍ പദ്ധതിയുണ്ടെന്ന് പറയുന്നത് യൂസ് വേന്ദ്ര ചാഹല്‍. റസലിനെതിരെ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ചാഹലിന്റെ മറുപടി. കളിയുടെ ഗതിക്കനുസരിച്ചാവും തന്ത്രങ്ങളെന്നും ചാഹല്‍ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ റസലിനെ ക്രീസില്‍ മേയാന്‍ വിടില്ലെന്നര്‍ത്ഥം.

വരുന്ന വ്യാഴാഴ്ചയാണ് മത്സരം. അതേസമയം ലോകകപ്പില്‍ ഇന്ത്യയുടെ നില ഭദ്രമാണെങ്കിലും വിന്‍ഡീസിന്റെ കാര്യത്തില്‍ അതല്ല. ഇന്ത്യക്കെതിരായ മത്സരം ജയിച്ച് ആദ്യ നാലിലെത്താനുള്ള പെടാപാടിലാണ് അവര്‍. ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് വിന്‍ഡീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. എന്നാല്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യ നിറം മങ്ങിയത് വിന്‍ഡീസുകാര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നിരുന്നാലും ബുംറയുടെ യോര്‍ക്കറുകളെ പേടിക്കുകയും വേണം.