പ്രവാസി സംഭരകന്റെ ആത്മഹത്യയിൽ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെയും പാർട്ടി നേതാക്കളെയും സംരക്ഷിച്ച് മുഖ്യമന്ത്രി. ആന്തൂർ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.
നഗരസഭാ സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്തൂർ സംഭവത്തിൽ ആരെയും രക്ഷിക്കാനോ കേസ് അട്ടിമറിക്കാനോ സർക്കാർ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നഗരസഭ അധ്യക്ഷക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചതേയില്ല. സംഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ സി.പി.എം നേതാക്കളുടെ പേര് പരാമർശിച്ചതിനെതിരെയും മുഖ്യമന്ത്രി വിമർശിച്ചു.
എന്നാൽ വിഷയത്തെ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രിയെ ശ്രമിക്കുന്നതെന്നും നഗരസഭ അധ്യക്ഷയെ രക്ഷിക്കാൻ സി.പി.എം ആസൂത്രിത ശ്രമം നടത്തുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭ അധ്യക്ഷക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താത താൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിലെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഒരു തവണ നിർത്തിവെച്ച ശേഷവും ബഹളത്തെ തുടർ നടപടികൾ വെട്ടിച്ചുരുക്കി സഭ നേരത്തെ പിരിഞ്ഞു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.