കൃത്യവിലോപത്തിന് മാത്രം ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 28 പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. കസ്റ്റഡി മരണം അടക്കം നിരവധി പഴികളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊലീസ് കേള്‍ക്കേണ്ടി വന്നത്. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും കുറ്റകൃത്യങ്ങള്‍ തടയാതിരുന്നത് പൊലീസിന്റെ വലിയ വീഴ്ച്ചയായി കരുതപ്പെടുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായെന്നാണ് ഇത്തവണയും വിശദീകരണം.
ടി.പി സെന്‍കുമാറും ലോക്നാഥ് ബഹ്റയുമാണ് ഈ സര്‍ക്കാരിന്റെ ഇത് വരെയുളള യാത്രയില്‍ പൊലീസിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്. ജിഷ കേസിലും നടിയെ ആക്രമിച്ചതിലും തുമ്പുണ്ടാക്കിയതൊഴിച്ചാല് പ്രമാദമായ കേസുകള്‍ പലതിലും പൊലീസ് തിരിച്ചടി വാങ്ങി എന്നതാണ് സത്യം. എറണാകുളത്തെ ശ്രീജിത്തിനെ കസ്റ്റഡിയില്‍ ചവിട്ടി കൊന്നതും, പരാതി ലഭിച്ചിട്ടും അന്വേഷിക്കാതിരുന്ന കെവിന് കേസും വിദേശ വനിതയുടെ തിരോധാനവും പൊലീസിന് കുപ്രസിദ്ധി നേടി കൊടുത്തു. എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കള്‍ പൊലീസിനെ ആക്രമിക്കുന്ന സംഭവങ്ങളും പതിവായി. എസ്എഫ്ഐക്കാര്‍ പാളയത്ത് നടുറോഡില്‍ വളഞ്ഞിട്ട് തല്ലിയ പൊലീസുകാരനെ സസ്പെന്റ് ചെയ്തതും സേനയുടെ മനോവീര്യം കെടുത്തി. ഐ.പി.എസുകാരുടെ വീടുകളില്‍ പൊലീസുകാര്‍ ദാസ്യപണി ചെയ്യുന്നത് പല തവണ മാധ്യമങ്ങള്‍ പുറത്ത് കൊണ്ട് വന്നിട്ടും സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ല. മലപ്പുറത്ത് പെണ്‍കുട്ടിയെ തീയറ്ററില്‍ പീഡിപ്പിക്കുന്ന ദൃശ്യം ലഭിച്ചിട്ടിും പ്രതിയെ പൊലീസ് പിടികൂടിയില്ല. പകരം സംഭവം പുറത്ത് കൊണ്ട് വന്ന തീയറ്റര്‍ ഉടമയ്ക്കെതിരെ കേസെടുത്തു. ഇങ്ങനെ വിവിധ സംഭവങ്ങളില്‍ 28 പേര് സേനയില്‍ നിന്ന് പുറത്തിരുന്നു. എന്നാല്‍ അതും അധിക നാള് നീണ്ടില്ല. എസ്എഫ്ഐക്കാരുടെ തല്ല് വാങ്ങിയ പൊലീസുകാര്‍ ഒഴികെ ഭൂരിഭാഗം പേരും ഇതില്‍ തിരിച്ചു കയറിയിട്ടുണ്ട്. നേരത്തെ വിവരം ലഭിച്ചിട്ടും ജാഗ്രത കാണിക്കാതിരിക്കുന്ന പൊലീസ് സംവിധാനം നിരവധി തവണയാണ് പഴി കേട്ടത്.
പൊലീസില്‍ കമ്മീഷണറേറ്റ് രൂപീകരിച്ചതും, എല്ലാ സ്റ്റേഷനുകളിലും സിഐമാരെ എസ്എച്ച്ഒമാരാക്കിയതുമാണ് ഈ സര്‍ക്കാരിന്റെ വിപ്ലവകരമായ തീരുമാനം. പക്ഷേ കമ്മീഷണറേറ്റ് പാതി വഴിയില്‍ കുടുങ്ങി കിടക്കുകയാണ്. എങ്കിലും പൊലീസിനെ കൂടുതല്‍ ആധുനികവത്കരിക്കാന്‍ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.