അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വം, റാങ്കുകളുടെ തോഴനും പ്രവർത്തനമേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിച്ചവനും, സിവിൽ സർവീസിന്റെ എക്കാലത്തെയും മികച്ച കണ്ടെത്തൽ
പകരം വയ്ക്കാനില്ലാത്ത ഈ അതുല്യ പ്രതിഭയാണ് അഴിമതിക്കു വശംവദനാവാതെ നീതിപൂർവം ജോലി ചെയ്യുന്നു എന്ന ഒറ്റ കാരണത്താൽ പിരിച്ചു വിടൽ ഭീഷണി നേരിടുന്നെന്നും അങ്ങനെ സംഭവിച്ചാൽ മറ്റു ജീവിത മാർഗങ്ങളൊന്നും തല്ക്കാലം മുന്നിലില്ലെന്നും വെളിപ്പെടുത്തികൊണ്ട് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുൻപിൽ ഗദ്ഗദകണ്ഠനാവുന്നത്. ഇത് നേരിൽ കണ്ട സൽസ്വഭാവികളായ മലയാളികളുടെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയെന്നു പറയാം! മിക്കവരിലും തന്നെ ധാർമികരോഷം ഇരച്ചുകയറി. പിന്നെ എല്ലാം സാവധാനം ശാന്തമാവുന്നു, എല്ലാം വീണ്ടും പഴയതുപോലെ.
The cream of the society- സമൂഹത്തിലെ ഏറ്റവും പ്രതിഭാധനർക്കു മാത്രം എത്തിപ്പെടാവുന്ന ഔന്നത്യമായാണ് സിവിൽ സെർവിസിനെ കണ്ടു വരുന്നത്. രാജ്യത്തെ മികവുറ്റവരുടെ കഴിവുകൾ സമൂഹനന്മയ്ക്കും രാഷ്ട്ര പുരോഗതിയ്ക്കും ഉതകണമെന്ന ഉദ്ദേശത്തിലാണ് ഉന്നത നിലവാരമുള്ള പ്രവേശന പരീക്ഷകളും, ഏതു പ്രതിസന്ധി ഘട്ടങ്ങളെയും സംയമനത്തോടെ നേരിട്ട് ഭരണ യന്ത്രത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുവാൻ പ്രാപ്തരാക്കും വിധം മികച്ച ട്രെയിനിങ്ങും കൊടുത്തു് ഇവരെ വാർത്തെടുക്കുന്നത്
അഴിമതിയുടെ ബാല പാഠങ്ങൾ പഠിക്കുവാനുള്ള അവസരം ലക്ഷ്യ ബോധത്തോടെ മുന്നേറുന്ന ഇവർക്ക് ഈ കാലഘട്ടങ്ങളിൽ ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം
ട്രെയിനിങ് പൂർത്തിയാക്കി പുറത്തു വരുന്ന ഇവർക്കു പക്ഷെ ജോലി ചെയ്യേണ്ടി വരുന്നത് പലപ്പോഴും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്കൊപ്പമോ അവർക്കു കീഴിലോ ആയിരിയ്ക്കും
തെളിച്ചു പറഞ്ഞാൽ സ്കൂൾ കോളേജ് കാലങ്ങളിൽ തങ്ങളുടെ സഹപാഠികളായിരുന്ന പിൻബെഞ്ചുകാർ. രാഷ്ട്രീയക്കാരുടെ അകമ്പടിക്കാരായി നടന്ന് സമരത്തിനും അക്രമത്തിനും നേതൃത്വം കൊടുത്ത് ക്ളാസ് മുറികളെ രാഷ്ട്രീയ കളരിയാക്കി മാറ്റിയിരുന്നവർ. തങ്ങൾ നേതൃത്വം കൊടുക്കുന്ന സമരങ്ങളോടു മുഖം തിരിച്ചിരുന്ന പഠിപ്പിസ്റ്റുകളെ വർഗ്ഗശത്രുക്കളായി കണ്ടവർ
കള്ളത്തരവും കൈക്കൂലിയും ഗുണ്ടായിസവും ചെറുപ്രായം മുതലഭ്യസിച്ച ഇവരിലാരെങ്കിലുമൊക്കെയാവും സിവിൽ സർവീസുകാരുടെ യജമാനന്മാർ.
ഇവരുടെ ദുർഭരണത്തിനും കൊള്ളരുതായ്മകൾക്കും മുൻപിൽ ചെറുത്തുനിൽക്കുന്നവരെ സ്ഥലം മാറ്റലും സസ്പെൻഷൻഷനും തുടങ്ങി പീഡനമുറകൾകൊണ്ടു വരുതിയിലാക്കാൻ ശ്രമിച്ചിട്ടു നടന്നില്ലെങ്കിൽ അവസാനം അവരുടെ ഭാവി തന്നെ അങ്ങ് ഇല്ലാതാക്കും. ക്ളാസ്സ് മുറികളിൽ ബുദ്ധികൊണ്ട് തങ്ങളെ തോല്പിച്ചവരെ ജനാധിപത്യ പദവികൾ ദുരുപയോഗം ചെയ്ത് നിശ്ശബ്ദരാക്കും
രാജു നാരായണ സ്വാമി, ജേക്കബ് തോമസ്, ഋഷി രാജ് സിങ് , ടി പി സെൻകുമാർ, തുടങ്ങിയവരൊക്കെ ഇങ്ങനെ രാഷ്ട്രീയ പകപോക്കലിന്റെ ബലിയാടുകളായ പഴമക്കാരായ പ്രഗത്ഭരിൽ ചിലർ മാത്രം പുതു തലമുറയിലെ രതീഷ് ചന്ദ്രൻ, അനുപമ അങ്ങിനെ ലിസ്റ്റിലെ പേരുകളുടെ നിര നീണ്ടു പോവും
രാജു നാരായണ സ്വാമി യുടെ കഥന കഥ കേട്ട് കണ്ണീരൊഴുക്കുന്നവർ നാളെ കണ്ണുനീരുണങ്ങി മറ്റു കാര്യങ്ങളിൽ വ്യാപൃതരാവും, ആർക്കും അദ്ദേഹത്തിന്റെ കൂടെ നില്ക്കാൻ സമയമുണ്ടാവില്ല.സത്യസന്ധനായ തോമസ് ജേക്കബ് ആരും സഹായത്തിനില്ലാതെ വർഷങ്ങളായി സസ്പെന്ഷനിൽ ഇരിക്കുന്നതു തന്നെ ഉദാഹരണം
ഇവിടെയാണ് ജനം സത്യസന്ധരെൻങ്കിൽ ഇവർക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നതിനു പകരം മറ്റൊരു സാധ്യത ചർച്ചാവിഷയമാക്കേണ്ടത്
പരാമർശിക്കപ്പെട്ട പ്രഗത്ഭരായ ഈ ഉദ്യോഗസ്ഥരൊന്നും ജനപ്രതിനിധികളാവാൻ യോഗ്യതയില്ലാത്തവരല്ല. ഇന്നത്തെ കറ പുരണ്ട ഏതു നേതാക്കളെക്കാളും എല്ലാ മേഖലകളിലും മികവു തെളിയിക്കുവാനും കാര്യക്ഷമതയോടെ ഭരിയ്ക്കുവാനും ഇവർക്കു സാധിക്കും. മുതിർന്ന സിവിൽ സർവീസുകാർ രാജി വച്ചിട്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കട്ടെ ഇന്ന് കണ്ണീരൊഴുക്കുന്നവരുടെ പിന്തുണ ധാർമികതയ്ക്കൊപ്പമെ ങ്കിൽ ഇവരൊക്കെ ജയിച്ചു വരുമെന്നും കേരളത്തിന്റെ മുഖച്ഛായ ദൈവത്തിന്റെ സ്വന്തം നാടിന്
അന്വർത്ഥമാകും വിധം മാറ്റിവരയ്ക്കപ്പെടുമെന്നതിനും സംശയം വേണ്ട
എന്നാൽ നാരായണ സ്വാമിക്കുവേണ്ടിയുള്ള ഈ കണ്ണീരൊഴുക്കൽ വെറുമൊരു ജല്പനം മാത്രം!
അഴിമതിയിൽ ലോകരാജ്യങ്ങളിൽ നാലാം സ്ഥാനം വർഷ ങ്ങളായി നിലനിറുത്തി പോരുന്ന ഇന്ത്യയിൽ , അതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിൽ ചുരുക്കം ചില നേതാക്കൾ മാത്രമല്ല കളങ്കിതർ. അവരുടെ അണികളായി കൂടെ നിൽക്കുന്നവർ ആഗ്രഹിക്കുന്നത് തങ്ങളുടെ കള്ളത്തരങ്ങൾ മുടിവയ്ക്കപ്പെടണമെന്നും വലിയ കള്ളത്തരങ്ങളുടെ വിഹിതം തങ്ങൾക്കും വീതം വച്ചു കിട്ടണമെന്നുമാണ്. അതിനു തയാറുള്ളവരെയാണ് നമ്മൾ നേതാവായി തിരഞ്ഞെടുക്കുന്നത്
രാജു നാരായണ സ്വാമിയുടെ ഇന്നത്തെ ദുഃ സ്ഥിതിക്ക് കാരണം നമ്മളോരോരുത്തരുമാണെന്നു സാരം