ലോകകപ്പ് ക്രിക്കറ്റിന്റെ കമന്ററി ബോക്സില്‍ നിന്ന് സൗരവ് ഗാംഗുലിക്കും വി.വി.എസ് ലക്ഷ്മണിനും വിട്ടുനില്‍ക്കേണ്ടിവന്നേക്കും. ബി.സി.സി ഐയുടെ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കുമുള്ള ചട്ടങ്ങളാണ് ഇരുവര്‍ക്കും വിനയാകുന്നത്. ഔദ്യോഗിക പദവിയില്‍ തുടരണമോ അതോ കമന്ററി നടത്തണമോ എന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ താരങ്ങള്‍ക്ക് രണ്ടാഴ്ച സമയം അനുവദിക്കുമെന്ന് ബി.സി.സി.ഐ അധികൃതര്‍ വ്യക്തമാക്കി.
ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം നടപ്പിലാക്കിയ കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് എന്ന ചട്ടമാണ് ഗാംഗുലിക്കും ലക്ഷ്മണിനും വിനയായത്. ഒരാള്‍ക്ക് ഒരു പദവി എന്നതാണ് ചട്ടത്തിന്റെ ഉള്ളടക്കം. ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗവും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ ഗാംഗുലി ഐ.പി.എല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ഉപദേശകനായതിന് പിന്നാലെ ബി.സി.സി.ഐ നേരത്തെ വിശദീകരണം തേടിയിരുന്നു.
വി.വി.എസ് ലക്ഷ്മണും ക്രിക്കറ്റ് ഉപദേശക സമിതി അംഗമായിരിക്കെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു. സച്ചിന് ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സുമായി സഹകരിക്കുന്നുണ്ടെങ്കി ലും അദ്ദേഹം ഉപദേശക സമിതി അംഗത്വം ഒഴിഞ്ഞിരുന്നു. ലോകകപ്പിന്റെ തല്‍സമയ സംപ്രേഷണം നടത്തുന്ന സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്റേറ്റര്‍മാരാണ് ഗാംഗുലിയും ലക്ഷ്മണും. ചട്ടപ്രകാരം ഇരുവര്‍ക്കും കളിപറച്ചില്‍ തുടരാനാവില്ലെന്ന് ചുരുക്കം.