Entertainment

ഓര്‍മ്മകള്‍ക്ക് ജീവന്‍ പകര്‍ന്ന ചെരാതുകള്‍; കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനമെത്തി

മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനം പുറത്ത്. ചെരാതുള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം സിത്താര കൃഷ്ണകുമാറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ശ്യാം പുഷ്കരന്‍ രചന നിര്‍വഹിക്കുന്ന സിനിമയില്‍ സൌബിന്‍ ഷാഹിര്‍, ഷൈന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി നിരൂപക ശ്രദ്ധയും സാമ്പത്തിക വിജയവും നേടിയ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം കുമ്പളങ്ങി നൈറ്റ്സിനെ കാണുന്നത്.

ഫഹദ് ഫാസില്‍ ആന്‍റ് ഫ്രണ്ട്സ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നിവരുടെ ബാനറില്‍ നസ്രിയ നസീം, ദിലീഷ് പോത്തന്‍, ശ്രാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്സ് നിര്‍മ്മിക്കുന്നത്. ആഷിഖ് അബുവിന്‍റെ സാള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ സംവിധാന സഹായിയായി സിനിമയിലേക്ക് ചുവടെടുത്ത് വച്ച മധു സി നാരായണന്‍റെ ആദ്യ സംവിധാന സംരംഭമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രം ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും.