ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ക്കേറ്റ പരിക്ക് ടീമിന് തിരിച്ചടിയാകില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും, ടീം സെമിയിലെത്തുമെന്ന് ഉറപ്പാണെന്നും ഗാംഗുലി പറഞ്ഞു.
പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് പേസര്‍ ഭുവനേശ്വര്‍ കുമാറും പരിക്കിന്റെ പിടിയിലായത്. എന്നാല്‍ ബാറ്റിങ്ങിലെയും ബൗളിങിലെയും മുന്‍നിര താരങ്ങളുടെ പരിക്ക് ടീമിന്റെ മുന്നോട്ടുള്ള യാത്രയക്ക് തടസ്സമാകില്ലെന്നാണ് മുന്‍ ക്യപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വിലയിരുത്തല്‍.
ടീം ഇന്ത്യ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ധവാന് പുറത്തിരുന്ന മത്സരത്തിലും ടീം മികച്ച വിജയം നേടി. ഭുവിയുടെ അഭാവത്തില്‍ വിജയ് ശങ്കര്‍ ബൗളിങില്‍ കരുത്തായി. ഇതെല്ലാം ടീം എന്ന നിലയില്‍ ഇന്ത്യ ഇപ്പോഴും ശക്തരാണെന്നതിന് തെളിവാണെന്നും ഗാംഗുലി പറഞ്ഞു.
പരിക്ക് കളിയുടെ ഭാഗമാണെന്നും ധവാന്റെ പരിക്ക് ഉടന്‍ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദാദ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സെമിയില്‍ എത്തുമെന്ന് ഉറപ്പ് പറഞ്ഞ മുന്‍ ക്യാപ്റ്റന്‍ ഇന്ത്യ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കുമാണ് സാധ്യത കല്പിക്കുന്നത്. ലോകകപ്പിലെ കമന്ററി അസൈന്മെന്റ് കഴിഞ്ഞ് മടങ്ങവെയാണ് ഗാംഗുലിയുടെ പ്രതികരണം.