30 വര്‍ഷം മുൻപത്തെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്തിലെ ജാംനഗര്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആഴ്ചകൾക്ക് മുൻപ് കേസിൽ പുതിയതായി 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടുള്ള സജീവ് ഭട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നീതിയുക്തവും ന്യായപൂർണവുമായ വിധിയിലെത്തി ചേരാൻ ഈ സാക്ഷികളുടെ വിസ്താരം അനിവാര്യമാണെന്നായിരുന്നു ഭട്ടിന്റെ വാദം. എന്നാല്‍ കോടതി ഭട്ടിന്റെ വാദം തള്ളുകയായിരുന്നു.
1989 ൽ ഗുജറാത്തിലെ ജാംനഗറിൽ എ.എസ്.പി യായിരിക്കെ നടന്ന കസ്റ്റഡി മരണത്തിന്റെ പേരിലാണ് സഞ്ജീവ് ഭട്ട് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എല്‍.കെ അദ്വാനിയുടെ രഥയാത്രക്ക് പിന്നാലെ നടന്ന ബന്ദില്‍ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. വർഗീയ ലഹള നടന്നപ്പോള്‍ നൂറിലധികം പേരെ ജയിലിൽ തടഞ്ഞു വെച്ചിരുന്നുവെന്നും അവരിലൊരാൾ ജയിൽ നിന്ന് മോചിതനായ ശേഷം ആശുപത്രിയിൽ വെച്ച് മരിച്ചുവെന്നതാണ് പ്രോസിക്യൂഷൻ കേസ്.
2011 ൽ ജോലിക്ക് ഹാജരായില്ല, ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു എന്നീ ആരോപണങ്ങളുടെ പേരിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്ന സഞ്ജീവ് ഭട്ട് 2015 ഓഗസ്റ്റിലാണ് ഡിസ്മിസ് ചെയ്യപ്പെട്ടത്.ഗുജറാത്ത് വംശഹത്യകേസില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ മൊഴി കൊടുത്ത പോലീസ് ഉദ്യോഗസ്ഥന് കൂടിയാണ് സഞ്ജീവ് ഭട്ട്.