ആലപ്പുഴ വളളികുന്നത്ത് സഹപ്രവർത്തകൻ കൊലപ്പെടുത്തിയ സിവിൽ പൊലീസ് ഓഫീസർ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി. ആലപ്പുഴ തെക്കേമുറിയിലെ വീട്ടുവളപ്പിലാണ് സൌമ്യയുടെ സംസ്കാരച്ചടങ്ങുകള്‍ നടന്നത്. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച അജാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം 2 മണിയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഏറെ നാളായി ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലേയ്ക്ക് സൗമ്യയുടെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ എത്തിക്കുമ്പോൾ സഹപ്രവർത്തകരും നാട്ടുകാരുമായ നിരവധി ആളുകളാണ് അന്ത്യമോപചാരം അർപ്പിക്കാൻ കാത്തു നിന്നത്. സഹപ്രവർത്തകരും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സൗമ്യക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
ശേഷം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ അകമ്പടിയോടെ തെക്കേമുറിയിലെ വീട്ടിലേക്ക് വിലാപയാത്ര. ലിബിയയിലായിരുന്ന ഭർത്താവ് സജീവൻ നാട്ടിലെത്തുന്നത് പരിഗണിച്ചായിരുന്നു സംസ്ക്കാരം നീട്ടിവച്ചത്. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം പതിനൊന്നരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കഴിഞ്ഞ ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3.30നായിരുന്നു നാടിന്റെ ഞെട്ടിച്ച കൊലപാതം നടന്നത്. കൊലപാതകത്തിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അജാസ് ഇന്നലെ വണ്ടാനം മെഡിക്കൽ കോളജിൽ വച്ച് മരിച്ചിരുന്നു.