Entertainment

‘ലാല്‍ പ്രിയപ്പെട്ട നടന്‍, പക്ഷെ പറയാനുള്ളത് പറഞ്ഞിരിക്കും’

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും ഒന്നിച്ചുള്ള വേദിയിൽ ലാൽ ആരാധകരുടെ ആരവങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സംസാരം തടസ്സപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഒരു ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഫാൻസുകാരുടെ കോലാഹലങ്ങൾ കാരണം മുഖ്യമന്ത്രി പ്രസംഗം മുഴുമിക്കാതെ നിർത്തിയത്. ഇതിനെ കുറിച്ച് ഫേസ്ബുക്കിൽ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരാടി.

ഔദ്യോഗിക പദവിയിലിരിക്കുന്നവരെ ഫാൻസുകാർ ബഹുമാനിക്കേണ്ടതുണ്ട്. സംസാരത്തിനിടെ മോഹൻലാൽ ആരാധകരുടെ ആവേശത്തെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഒച്ചയുണ്ടാക്കുന്നവർക്ക് അതിന് മാത്രമെ കഴിയൂ എന്നും അതിനപ്പുറം ഒരു ലോകം അവർക്കില്ലെന്നുമാണ് ലാൽ വേദിയിലിരിക്കെ മുഖ്യമന്ത്രി പറഞ്ഞത്. ഫാൻസുകാരെ നിയന്ത്രിക്കാന്‍ ലാലേട്ടന്‍ മുന്നിട്ടറങ്ങണമായിരുന്നു എന്ന് ഹരീഷ് പേരാടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു … അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു….

അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം… ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് …

എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു… ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട് … അതിന് നന്ദിയും പറയുന്നു …എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും…