സംസ്ഥാനത്ത് കാലവര്‍ഷമെത്തിയിട്ടും കോടികള്‍ വില കൊടുത്ത് വാങ്ങിയ ഇന്റര്‍ സെപ്റ്റര്‍ ബോട്ടുകള്‍ കട്ടപ്പുറത്ത് തന്നെ. കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കായി വാങ്ങിയ ബോട്ടുകളാണ് അറ്റകുറ്റ പണി നടത്താത്തത് മൂലം കരയില്‍ കിടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര, ചാലിയം, എലത്തൂര്‍ സ്റ്റേഷനുകളില്‍ ഒരു ബോട്ടുപോലും ഉപയോഗ യോഗ്യമായിട്ടില്ല.
കടലില്‍ നടക്കുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനായാണ് കോടികള്‍ ചെലവഴിച്ച് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ വാങ്ങിയത്. 18 തീരദേശ പോലീസ് സ്റ്റേഷനുകളിലായി 24 ബോട്ടുകളുണ്ട്. ഇവയില്‍ 10 എണ്ണത്തില്‍ താഴെ മാത്രമേ പ്രവര്‍ത്തനക്ഷമമായുള്ളൂ. നേരത്തെ കടലില്‍ തന്നെ കിടന്നിരുന്ന ബോട്ടുകള്‍ മഴയെത്തിയതോടെ കരയില്‍ കയറ്റിയിട്ടു.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മത്സ്യബന്ധനബോട്ടുകളില്‍ മത്സ്യതൊഴിലാളികള്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട അവസ്ഥയിലാണ്. അറ്റകുറ്റപണികളുടെ ചുമതല ആദ്യം ഗോവന്‍ ഷിപ്പ് യാര്ഡിനായിരുന്നു. ഇപ്പോഴത് കൊച്ചിന് ഷിപ്പ് യാര്‍ഡിന് കൈമാറി. എന്നാല്‍ സമയബന്ധിതമായി അറ്റകുറ്റ പണികള്‍ തീര്‍ത്ത് ബോട്ടുകള്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഈ മഴക്കാലത്തും കടലില്‍ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ സാധിക്കാതെ കരയില്‍ നോക്കിയിരിക്കേണ്ടിവരും തീരദേശ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാര്‍.