ഹൈസ്കൂൾ – ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലെ സ്റ്റേ ഒഴിവാക്കാൻ സർക്കാർ എജിയുടെ നിയമോപദേശം തേടും. നിലവിലെ നടപടികൾക്കാണോ സ്റ്റേ എന്നതാണ് സർക്കാർ പരിശോധിക്കുന്നത്. സ്റ്റേ ഒഴിവാക്കാൻ അപ്പീൽ നൽകുന്നതടക്കമുള്ള കാര്യം തീരുമാനിക്കുന്നത് എജിയുടെ നിയമൊപദേശത്തിന് ശേഷമാകും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സൂചന നൽകി കഴിഞ്ഞു.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഡയറക്ട്രേറ്റുകളും പരീക്ഷാ വിഭാഗങ്ങളും ഒന്നാക്കി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുമ്പോഴാണ് ഹൈക്കോടതി സ്റ്റേ വരുന്നത്. ഇത് ഇനി മുന്നോട്ടുള്ള നീക്കങ്ങൾക്ക് മാത്രമുള്ള സ്റ്റേ ആണോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്. ഇതുവരെയെടുത്ത നടപടികൾക്കെല്ലാം സ്റ്റേ ബാധകമാണെങ്കിൽ സർക്കാർ തീരുമാനം നിയമക്കുരുക്കിലേക്ക് നീങ്ങും. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് സർക്കാർ തീരുമാനം. വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിന്നാക്കം പോകില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി കഴിഞ്ഞു. പ്രതിപക്ഷം സമരമേറ്റെടുക്കുകയും ഹൈക്കോടതി സ്റ്റേ വരികയും ചെയ്തത് സർക്കാരിന് രാഷ്ട്രീയമായും ഏറ്റ തിരിച്ചടിയാണ്. അതിനാൽ സ്റ്റേ മറി കടന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ നീക്കം ശക്തമാക്കി.