ജീവിതശൈലി രോഗങ്ങളെയും മെറ്റബോളിക് ആരോഗ്യസാധ്യതകളെയും നേരത്തെ കണ്ടെത്താനുള്ള മുൻകരുതൽ പരിശോധനകളിലേക്ക് യുവതലമുറ കൂടുതൽ ശ്രദ്ധ തിരിക്കുന്നതായി ഡയഗ്നോസ്റ്റിക് നെറ്റ്വർക്കുകളുടെ റിപ്പോർട്ടുകൾ. നിലവിൽ നടക്കുന്ന ബുക്കിംഗുകളിൽ ഏകദേശം 60 ശതമാനവും അസുഖലക്ഷണങ്ങളെത്തുടർന്നല്ലാതെ, പ്രതിരോധപരമായ ആരോഗ്യപരിശോധനകൾക്കായാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രത്യേകിച്ച് ജെൻ സി, മില്ലേനിയൽ വിഭാഗങ്ങളാണ് ആരോഗ്യപരിശോധനകൾ പതിവാക്കുന്നതിൽ മുന്നിലുള്ളത്. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, കരൾ ആരോഗ്യം, തൈറോയ്ഡ്, വിറ്റാമിൻ കുറവ് തുടങ്ങിയവ നേരത്തെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് പലരും വാർഷിക പരിശോധനകൾ തിരഞ്ഞെടുക്കുന്നത്.
അനിയന്ത്രിതമായ ജോലി സമയം, ഉറക്കക്കുറവ്, സമ്മർദം, വ്യായാമക്കുറവ്, ഭക്ഷണശീലം എന്നിവ ജീവിതശൈലി രോഗങ്ങളുടെ സാധ്യത വർധിപ്പിക്കാമെന്ന ബോധ്യവും ഈ മാറ്റത്തിന് കാരണമാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുതന്നെ ആരോഗ്യനില മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്താനാകുമെന്നതാണ് പ്രിവന്റീവ് ചെക്കപ്പുകളുടെ പ്രധാന ഗുണം.
എന്നാൽ എല്ലാവർക്കും ഒരേ തരത്തിലുള്ള ടെസ്റ്റുകൾ ആവശ്യമില്ല. പ്രായം, കുടുംബത്തിലെ രോഗചരിത്രം, നിലവിലെ ആരോഗ്യനില, ഡോക്ടറുടെ നിർദേശം എന്നിവ പരിഗണിച്ചായിരിക്കണം പരിശോധനകൾ തിരഞ്ഞെടുക്കേണ്ടത്.
