റിയാദ്: സൗദി അറേബ്യയില്‍ 250-ല്‍ താഴെ തൊഴിലാളികള്‍ ഉള്ള ചെറിയ സ്ഥാപനങ്ങള്‍ക്കായി പുതിയ ലേബര്‍ ക്യാമ്പ് നിയമം വരുന്നു. തൊഴിലാളികള്‍ക്ക് ലൈസന്‍സുള്ള ഗ്രൂപ്പ് ഹൗസിങ് അല്ലെങ്കില്‍ അംഗീകൃത താമസ സൗകര്യം 2027 ഫെബ്രുവരി 1-ന് മുമ്പ് ഉറപ്പാക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. (New labour camp regulations for small establishments in Saudi Arabia)
സൗദിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസ സൗകര്യം ക്രമീകരിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, നഗര സൌന്ദര്യവല്‍ക്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം കൊണ്ട് വരുന്നത്. 250-ല്‍ താഴെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങള്‍ക്ക് ലേബര്‍ ക്യാമ്പുകള്‍ ശരിയാക്കാന്‍ പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2027 ഫെബ്രുവരി 1 ആണ് ഇതിനുള്ള അവസാന തീയതി. തൊഴിലാളികള്‍ക്ക് ലൈസന്‍സുള്ള ഗ്രൂപ്പ് ഹൗസിങ് ഉറപ്പാക്കണം എന്നാണ് പ്രധാന നിര്‍ദ്ദേശം. നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇന്‍ഡിവിജ്വല്‍ ഗ്രൂപ്പ് ഹൗസിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനായി കമ്പനികള്‍ക്ക് രണ്ട് വഴികള്‍ തിരഞ്ഞെടുക്കാം. ആദ്യത്തെ വഴി, കമ്പനിയുടെ സ്വന്തം കെട്ടിടത്തിന് ആരോഗ്യ-സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് ഔദ്യോഗിക ലൈസന്‍സ് നേടുക എന്നതാണ്. രണ്ടാമത്തെ വഴി, സ്വന്തമായി കെട്ടിടം നടത്തുന്നതിന് പകരം, ഇതിനകം ലൈസന്‍സുള്ള മറ്റ് താമസ കേന്ദ്രങ്ങളുമായി കരാര്‍ ഒപ്പിടുക എന്നതാണ്. നിശ്ചിത സമയത്തിനകം ഇത് ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി ഉണ്ടാകും. സൗദി മുനിസിപ്പല്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
