Kerala News

ശാസ്ത്രീയ പഠനം പൂര്‍ത്തിയാകും വരെ പഴയ മരുന്ന് തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യം

തിരുവനന്തപുരം: എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന സ്വിസ് കമ്പനിയായ റോഷിന്റെ മരുന്ന് തന്നെ നല്‍കിയാല്‍ മതിയെന്ന് മാതാപിതാക്കള്‍. ഇന്ത്യന്‍ കമ്പനി നാറ്റ്‌കോയുടെ പുതിയ മരുന്ന് ഫലപ്രദമാണോ എന്നതില്‍ ശാസ്ത്രീയ പരിശോധന വേണമെന്നാണ് ആവശ്യം. ജനറിക് മരുന്നിന് എതിരല്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

ആശങ്ക അറിയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് മാതാപിതാക്കള്‍ക്ക് ഇ-മെയില്‍ അയച്ചു. രോഗത്തിന്റെ തീവ്രത ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും മാതാപിതാക്കള്‍ പറയുന്നു. നാറ്റ്‌കോ കമ്പനിയുടെ പുതിയ മരുന്ന് ആശുപത്രിയില്‍ നിന്ന് ലഭിച്ചതോടെയാണ് ആശങ്ക അറിയിച്ച് മാതാപിതാക്കള്‍ രംഗത്ത് വന്നത്. പുതിയ മരുന്നു വാങ്ങാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.

ജനറിക് മരുന്നിന് എതിരല്ലെന്നും ശാസ്ത്രീയ പരിശോധന നടത്താത്തതില്‍ ആശങ്കയുണ്ടെന്നും എസ്എംഎ ബാധിതരായ കുട്ടികളുടെ അമ്മമാര്‍ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളെ പരീക്ഷണ വസ്തുവായി കാണുന്നതായി തോന്നുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ശാസ്ത്രീയമായ പഠനം നടത്തി റിപ്പോര്‍ട്ട് വരുന്നതുവരെ റോഷ് റെസ്ഡി പ്ലാം തുടരാന്‍ അനുവദിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ അതേ ഇംപ്രൂവ്‌മെന്റ് ഗവണ്‍മെന്റ് ഇറക്കിയ ജനറിക് മെഡിസിന് നല്‍കാന്‍ കഴിയും എന്നതില്‍ എന്ത് ഗ്യാരണ്ടിയാണുള്ളതെന്ന് മാതാപിതാക്കള്‍ ചോദിക്കുന്നു. ക്ലിനിക്കള്‍ സ്റ്റഡിയും മറ്റും പൂര്‍ത്തിയാകാതെ എന്ത് ധൈര്യത്തിലാണ് ഇത് കുട്ടികള്‍ക്ക് നല്‍കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.