സന: യെമനില്‍ ഹൂതികളും അല്‍ ഖ്വായ്ദയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി. യെമനിലെ നിയമാനുസൃത സര്‍ക്കാരിനെതിരെ പോരാടാന്‍ ഹൂതികളെ അല്‍ ഖ്വായ്ദ സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനിടെ, ചെങ്കടല്‍ വഴി ആയുധങ്ങളും മിസൈലുകളും കടത്താന്‍ ഹൂതികള്‍ സാധാരണക്കാരുടെ മീന്‍പിടിത്ത ബോട്ടുകളെ ദുരുപയോഗം ചെയ്യുന്നതായി അറബ് സഖ്യസേന അറിയിച്ചു. ( Al-Qaeda is helping houthis in yemen)
യെമനിലെ ശബ്വ പ്രവിശ്യയില്‍ ഹൂതികളും അല്‍ ഖ്വായ്ദയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയതാണ് ഏറ്റവും പുതിയ വിവരം. യെമനിലെ നിയമാനുസൃത സര്‍ക്കാരിനെതിരെ പോരാടാന്‍ ഹൂതികളെ അല്‍ ഖ്വയ്ദ ഭീകരവാദികള്‍ സഹായിക്കുകയാണ്. ഹൂതികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച അല്‍ ഖ്വായ്ദയുടെ രഹസ്യ സെല്ലുകളെ സുരക്ഷാ സേന പിടികൂടിയതായാണ് റിപോര്‍ട്ട്. ഈ ഭീകരബന്ധം തെളിയിക്കുന്ന കൃത്യമായ രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് ശബ്വ ഗവര്‍ണര്‍ വ്യക്തമാക്കി. ഈ കൂട്ടുകെട്ട് മേഖലയിലെ സമാധാന ശ്രമങ്ങളെ തകിടം മറിക്കുന്ന വലിയൊരു നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, യെമനിലേക്ക് ആയുധങ്ങളും മിസൈലുകളും കടത്താന്‍ ഹൂതികള്‍ പരമ്പരാഗത ബോട്ടുകളെ ദുരുപയോഗം ചെയ്യുന്നതായി സഖ്യസേനാ വക്താവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഇത്തരം പല ബോട്ടുകളും സഖ്യസേന തകര്‍ക്കുകയും ചെയ്തു. സാധാരണക്കാര്‍ മീന്‍പിടിത്തത്തിനും ചരക്ക് നീക്കത്തിനും ഉപയോഗിക്കുന്ന ചെറിയ ബോട്ടുകളിലാണ് ഹൂതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തുന്നത്. ഇത് യെമന്റെ മാത്രം പ്രശ്‌നമല്ലെന്നും, ചെങ്കടല്‍ മേഖലയുടെയും അന്താരാഷ്ട്ര കടല്‍പ്പാതകളുടെയും സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും സഖ്യസേന മുന്നറിയിപ്പ് നല്‍കി.കൂടാതെ സാധാരണക്കാരായ മീന്‍പിടിത്തക്കാരുടെയും യാത്രക്കാരുടെയും ജീവന് ഇത് വലിയ ഭീഷണിയാണ് എന്നും സഖ്യസേന വ്യക്തമാക്കി.
