India News

മലിനീകരണം ഉയർന്നു; ഡൽഹി-എൻസിആറിൽ GRAP സ്റ്റേജ് 1 നിയന്ത്രണങ്ങൾ നടപ്പിൽ

ഡൽഹി-എൻസിആർ മേഖലയിൽ വായുമലിനീകരണം വർധിച്ചതിനെ തുടർന്ന് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) സ്റ്റേജ് 1 നിയന്ത്രണങ്ങൾ നടപ്പാക്കി. വായു ഗുണനിലവാര സൂചിക ‘മോശം’ വിഭാഗത്തിലേക്ക് എത്തിയതോടെയാണ് നടപടി. ഡൽഹിയിലെ AQI 244 വരെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.

പൊടി നിയന്ത്രണത്തിനായി നിർമാണ-പൊളിക്കൽ കേന്ദ്രങ്ങളിൽ കർശന പരിശോധന നടത്തും. റോഡുകളിൽ മെക്കാനിക്കൽ ശുചീകരണവും വെള്ളം തളിക്കലും ശക്തമാക്കും. മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു.

വാഹനങ്ങളിൽ നിന്നുള്ള പുക, നിർമാണപ്പൊടി, മാലിന്യം കത്തിക്കൽ തുടങ്ങിയവ നിയന്ത്രിക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. മലിനീകരണനില തുടർന്നും ഉയർന്നാൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നേക്കാം.

പ്രായമായവർ, കുട്ടികൾ, ആസ്ത്മ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുള്ളവർ എന്നിവർ പുറത്തുള്ള പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.