നെടുമ്പാശ്ശേരി അപകടം: നീതി തേടി ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം നീതി തേടി രംഗത്ത്. കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകുമെന്നും, അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നും ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു.

ദേവിക ഉൾപ്പെടെ മരിച്ച മൂന്ന് യുവാക്കളും കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചതെന്നും, രണ്ട് മാസത്തിനുള്ളിൽ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും കുടുംബം പ്രതികരിച്ചു.

അപകടത്തിൽ വാഹനമോടിച്ചെന്ന ആരോപണത്തിൽ സുഹൈൽ സജീവിനെതിരെ ശക്തമായ നിയമനടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും അവർ പങ്കുവെച്ചു. “ഇത്തരമൊരു ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്,” സന്ദീപ് പറഞ്ഞു.

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ സുഹൈൽ സജീവ് അറസ്റ്റിലായിട്ടുണ്ട്. കേസിൽ ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് ഉൾപ്പെടെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടസമയത്ത് അമിതവേഗവും മദ്യപാനവും ഉണ്ടായിരുന്നോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് സുഹൈലിന്റെ സുഹൃത്ത് നിനവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്ന ആരോപണത്തിലാണ് നടപടി. അപകടത്തിന് മുൻപ് സുഹൈലിന് മദ്യം നൽകിയെന്ന കേസിൽ മൂന്ന് ബാറുകൾക്കെതിരെയും എക്സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.