Must Read National

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി


ഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി അവശ്യത്തില്‍ പ്രതിഷേധം ആളികത്തിക്കാന്‍ ഇന്ത്യ സഖ്യം. മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യസഖ്യം യോഗം ചേര്‍ന്നു. (Gyanesh Kumar’s resignation)

ഞായറാഴ്ച രാംലീല മൈതാനത്ത് മഹാറാലിയില്‍ പത്ത് ലക്ഷത്തോളം പേരെ അണിനിരത്താനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. അയല്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ക്കാണ് ആളെ കൂട്ടാനുള്ള ചുമതല. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ, ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും റാലിയില്‍ പ്രധാന മുദ്രാവാക്യമാകും. പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ തെരുവിലിറങ്ങണമെന്ന് വിദ്യാര്‍ഥികളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

നാളെ വൈകിട്ട് 3:30-ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഗ്യാനേഷ് കുമാറിനെതിരെ മോക്ക് ഇംപീച്ച്‌മെന്റ് സംഘടിപ്പിക്കും. മോക്ക് ഇംപീച്ച്‌മെന്റില്‍ മുന്‍ലോക്‌സഭ സ്പീക്കര്‍ മീര കുമാര്‍ പ്രതീകാത്മക സ്പീക്കറാകുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രമേയം അവതരിപ്പിക്കും. കക്ഷി നേതാക്കള്‍ സംസാരിക്കും. വോട്ട് ചോരി, എസ്‌ഐആര്‍ ഇരകളും സംസാരിക്കും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കിയുള്ള പ്രമേയം പാസാക്കും – അദ്ദേഹം വിശദമാക്കി.

അതിനിടെ, മഹാ റാലിയുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹയില്‍ 3000 പോലീസുകാരെയും പതിനായിരം അര്‍ധസൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്.ജന്തര്‍ മന്ദറിലേക്കും പാര്‍ലമെന്റിലേക്കും കടക്കാതിരിക്കാന്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും അടിയന്തര സാഹചര്യമുണ്ടായാല്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ മാറ്റാനും പ്രത്യേക പദ്ധതിയുണ്ട്.