Gulf News

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വ്യോമ പ്രതിരോധ സേന പരാജയപ്പെടുത്തി. റിയാദ്, മക്ക, കിഴക്കന്‍, തെക്കന്‍ പ്രവിശ്യകളിലേക്ക് തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളുമാണ് ആകാശത്തുവെച്ച് തകര്‍ത്തത്. മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. (houthi attack against saudi arabia)

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ നിരവധി ആക്രമണ ശ്രമങ്ങള്‍ അറബ് സഖ്യസേനയും വ്യോമ പ്രതിരോധ വിഭാഗവും വിജയകരമായി തടഞ്ഞു. ഇന്നലെ രാത്രി മാത്രം 8 തവണയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണ ശ്രമം ഉണ്ടായത്. കിഴക്കന്‍ പ്രവിശ്യയില്‍ എത്തിയ ഒരു ഡ്രോണും, തെക്കന്‍ പ്രവിശ്യയിലേക്കും മക്ക മേഖലയിലേക്കും അയച്ച രണ്ട് ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ച് തകര്‍ത്തു. മക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖല ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സേന തകര്‍ത്തപ്പോള്‍, അവയുടെ അവശിഷ്ടങ്ങള്‍ മക്കയ്ക്കടുത്ത സബൂഹ ഗ്രാമത്തില്‍ പതിച്ചു.

നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണ്. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാ വിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ, തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട 3 ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന പൂര്‍ണ്ണമായി നശിപ്പിച്ചു. ജനവാസ കേന്ദ്രങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം ശത്രുതാപരമായ നീക്കങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം യമനില്‍ ഹൂതികള്‍ക്കെതിരെ യമന്‍ സായുധ സേന നടത്തുന്ന ഫജര്‍ യമന്‍ സൈനിക നടപടി ശക്തമായി തുടരുകയാണ്. 800-ലേറെ ആക്രമണങ്ങളാണ് 24 മണിക്കൂറിനിടെ സൈന്യം നടത്തിയത്. 130-ലേറെ ഹൂതികള്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തതായി സൈനിക വക്താവ് അറിയിച്ചു.