മരണവീട്ടില്‍ച്ചെല്ലുമ്പോള്‍ പോലും മറ്റുള്ളവരുടെ ജീവിതത്തേയും മരണത്തേയും കുറിച്ച് വിധി പറയലുകള്‍ നടത്തുന്ന ചില മനുഷ്യരെക്കുറിച്ച് നടന്‍ സിദ്ദിഖ് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഒരു വ്യക്തി മരിച്ച് കിടക്കുമ്പോള്‍ അയാളുടെ ജീവിതരീതികളെ, ശീലങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് എത്രത്തോളം അരോചകമാണെന്ന് പറഞ്ഞുകൊണ്ട് സിദ്ദിഖ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ അനുഭവമാണ് സിദ്ദിഖ് ഫേസ്ബുക്കിലെഴുതിയത്. (actor Sidhique‘s fb post goes viral)
മരണം ആരുടേയും കുറ്റമല്ലെങ്കിലും മരിച്ചവരെ കുറ്റപ്പെടുത്തുന്ന ചില മനുഷ്യരുണ്ടെന്ന് സിദ്ദിഖ് എഴുതുന്നു. മരിച്ചു കിടക്കുമ്പോള്‍ മറ്റുള്ളവര്‍ വന്ന് കുറ്റപ്പെടുത്തുമല്ലോ എന്ന് ഓര്‍ത്തിട്ട് മരിക്കാന്‍ തന്നെ ഭയം തോന്നുന്നുവെന്നാണ് സിദ്ദിഖ് എഴുതുന്നുത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
.,…..മരണ ഭയം……..
എവിടെയോ
വായിച്ച ഒരു ഓര്‍മ്മ,,
മരണ വീട്ടിലേക്ക് നമ്മള്‍ ഓടിയെത്തുന്നത്, നഷ്ടപ്പെട്ട ബന്ധുവിനെയോ സുഹൃത്തിനെയോ ഓര്‍ത്തുള്ള ദുഃഖത്തോടെ മാത്രമല്ല, മറിച്ച്, മരിച്ചത് താന്‍ അല്ലല്ലോ എന്ന, ചെറിയ ഒരു ആശ്വാസത്തോടും കൂടിയാണ്.
ഓരോരുത്തരും ഈ ലോകത്തോട് യാത്ര പറഞ്ഞു പോകുമ്പോഴും, നമ്മള്‍ ഇവിടെ തന്നെ ഉണ്ടല്ലോ എന്ന സന്തോഷം അനുഭവിക്കുന്നുണ്ട് നമ്മളില്‍ പലരും.
ആ സന്തോഷത്തിന്റെ അളവ് , മരിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.
അതില്‍ ആരെയും തെറ്റു പറയാനോ കുറ്റപ്പെടുത്താനോ ആവില്ല.
എന്നാല്‍ ഒരു മരണവീട്ടില്‍ വന്നു നിന്ന്, മരിച്ച വ്യക്തിയെ, അയാളുടെ മരണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത് കേള്‍ക്കുമ്പോള്‍, ദുഃഖമോ ദേഷ്യമോ അല്ല,ഒരുതരം ഞെട്ടലാണ് അനുഭവപ്പെടുന്നത്.
നാളെ ഞാനും ഇതുപോലെ വെള്ള പുതച്ചു കിടക്കുമ്പോള്‍, എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് അവകാശപ്പെടുന്നവര്‍ വന്നു നിന്ന്, എന്നെക്കുറിച്ചും ഇതുപോലെ പറഞ്ഞു രസിക്കില്ലേ??
കഴിഞ്ഞദിവസം എന്റെ ഒരു സുഹൃത്ത് (പേര് പറയുന്നില്ല നിങ്ങള്‍ക്കൊക്കെ അറിയാം) ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട്, യാത്ര പോലും പറയാതെ പെട്ടെന്ന് അങ്ങ് പോയിക്കളഞ്ഞു.
അവസാനമായി ആ ഭൗതികശരീരം ഒന്ന് കാണാന്‍ ഞാനും പോയി. പ്രശസ്തരും,
പ്രഗല്‍ഭരുമായ ഒരുപാട് പേര്‍ കൂടി നില്‍പ്പുണ്ട്.
എന്താണ് സംഭവിച്ചത് എന്ന ചോദ്യങ്ങളും, ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ചുള്ള ഉത്തരങ്ങളും കേട്ടു.
ഷുഗര്‍ ഉണ്ടായിരുന്നോ? പിന്നെ…400 മുകളിലായിരുന്നു.
510 ആണെന്നാ ഞാന്‍ കേട്ടത്. പ്രഷര്‍ 220
ആയിരുന്നെന്നും 300 ആയിരുന്നെന്നും പറയുന്നുണ്ട്.
തടി വല്ലാതെ കൂടുതലായിരുന്നു…
വ്യായാമൊന്നും ഇല്ലല്ലോ???മാത്രമല്ല ചോറ് ഒരുപാട് കഴിക്കും.
അയ്യയ്യോ… ഞാനൊക്കെ രണ്ടുനേരവും ചപ്പാത്തിയാ…
കഴിഞ്ഞ ആഴ്ച കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞതാ ചെക്കപ്പ് ചെയ്യണേ… എന്ന്,
കേട്ടില്ല..
നമുക്ക് പിന്നെ, ദൈവം സഹായിച്ച് പ്രഷറും ഷുഗറും ഒന്നുമില്ല…
പുള്ളി മദ്യപിക്കുമായിരുന്നോ???
ഏയ്..അതില്ല.
അതുകൊണ്ട് കാര്യമില്ല.ഞാന്‍ ദിവസവും രണ്ടെണ്ണം അടിക്കും.
പക്ഷേ രാവിലെ ഒരു പത്ത് കിലോമീറ്റര്‍ നടക്കും. അതുകൊണ്ടല്ലേ ഇപ്പോഴും ഇങ്ങനെ കുട്ടപ്പന്‍ ആയിട്ട് ഇരിക്കുന്നത്.!
പ്രായം എത്രയായിന്നാ വിചാരം????
50 കഴിഞ്ഞോ???
ഹഹഹ…62
ദൈവമേ!ദൈവം പോലും പറയില്ലല്ലോ!
അവിടെ നിന്ന് കുറച്ചു മാറി നിന്നാലോ എന്ന് കരുതി,
നടക്കാന്‍ തുടങ്ങിയ എന്നെ, മറ്റൊരു പ്രശസ്തന്‍ പിടിച്ചു നിര്‍ത്തി.
വല്ല ചെക്കപ്പ് ഒക്കെ ചെയ്യുന്നുണ്ടോ??
ഏയ്,ഒന്നും ചെയ്യാറില്ല. അയാള്‍ക്കൊരു സന്തോഷമായിക്കോട്ടേ, എന്ന് കരുതി ഞാന്‍ പറഞ്ഞു.
ഇതുപോലെ പെട്ടെന്ന് ഒരു ദിവസം അങ്ങ് പോകും.സൂക്ഷിച്ചോ….
അന്ന് ഫ്രീ ആയിരിക്കുവോ? വരാന്‍ സമയമുണ്ടാകുമോ??
എന്റെ ചോദ്യം ഇഷ്ടപ്പെടാതെ അയാള്‍ എന്റെ കയ്യില്‍ നിന്നും പിടി വിട്ടു.
ജീവിച്ചിരിക്കുമ്പോള്‍ ഒരാളെപ്പറ്റി നല്ലത് പറയാത്ത നമ്മള്‍, മരിക്കുമ്പോള്‍ അയാളെ വാനോളം പുകഴ്ത്തും.
അത് മറ്റുള്ളവര്‍ക്ക് കേള്‍ക്കാനാണ്.
ഒരാളെപ്പറ്റി നല്ലത് പറഞ്ഞു എന്ന ഖ്യാതി കിട്ടാനാണ്.
എന്നാല്‍ മരിച്ചു കിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും??.
മരണം എന്നെ പിടികൂടാത്തത് എന്റെ മിടുക്കു കൊണ്ടാണെന്ന് വിചാരിക്കുന്നുണ്ടാവുമോ ഇവര്‍??
മരിച്ചു കിടക്കുമ്പോള്‍ മറ്റുള്ളവര്‍ വന്ന് കുറ്റപ്പെടുത്തുമല്ലോ എന്ന് ഓര്‍ത്തിട്ട് എനിക്കിപ്പോള്‍ മരിക്കാന്‍ ഭയം തോന്നുന്നു…..
മരണം ആരുടെയും കുറ്റമല്ല.. ആരും അറിഞ്ഞുകൊണ്ട് വിളിച്ചു വരുത്തുന്നതുമല്ല..
വായിച്ചിട്ടില്ലേ?
ജീവിക്കാന്‍ ധൈര്യമില്ലാത്തവര്‍ ആത്മഹത്യ ചെയ്യുന്നു.
അതിനും ധൈര്യമില്ലാത്തവര്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നു….
