തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറിലേര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ഹിമാചല്‍ വൈദ്യുതിയും ജിഎന്‍എ വൈദ്യുതിയുമാണ് മുന്‍പിലുണ്ടായിരുന്ന ഓപ്ഷന്‍സ്. തമ്മില്‍ ലാഭകരം ജിഎന്‍എ ആയിരുന്നു. ഹിമാചല്‍ വൈദ്യുതി അപ്പോള്‍ തന്നെ പോയിരുന്നു എന്നും മുഖ്യമന്ത്രിയുടെ വിശദീകരണമുണ്ട്. വൈദ്യുതി വിവാദം മന്ത്രിസഭയും ചര്‍ച്ച ചെയ്തില്ല. വിഷയം ആരും യോഗത്തില്‍ ഉന്നയിച്ചില്ല
ജിഎന്എയുമായി ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള തെറ്റായ വാര്‍ത്തകളാണ് വരുന്നത്. മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഫയല്‍ വന്നു. രണ്ട് ഓപ്ഷനുകളാണ് അതില്‍ ഉണ്ടായിരുന്നത്. ഹിമാചലിന്റെ വൈദ്യുതി 14.50 രൂപയ്ക്ക് വാങ്ങണോ ജിഎന്‍എയുടെ വൈദ്യുതി 8.60 പൈസയ്ക്ക് വാങ്ങണോ എന്നുള്ള നിര്‍ദേശം വന്നു. ഹിമാചല്‍ അപ്പോള്‍ തന്നെ പോയിരുന്നു. ജിഎന്‍എ മാത്രമേ ഉണ്ടായിരുന്നുള്ളു. നേരെ പോയി കരാര്‍ ഉണ്ടാക്കിയിട്ടില്ല. കൂട്ടത്തില്‍ ലാഭകരം ജിഎന്‍എ ആയിരുന്നു. എന്നിട്ടും ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിക്കുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല – അദ്ദേഹം പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി വിവാദത്തില്‍ കെഎസ്ഇബിയെയാണ് മുഖ്യമന്ത്രി വി ഡി സതീശന് പഴിചാരുന്നത്. പവര്‍കട്ട് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. തെറ്റിദ്ധരിപ്പിച്ചതാണോ അല്ലയോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധി ഉണ്ടാകുമെന്ന റിപോര്‍ട്ടില്‍ പരിശോധന ഉണ്ടാകുമെന്നും എങ്ങനെ എന്ന് തീരുമാനിച്ചിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് മന്ത്രി പറഞ്ഞത് ശരിയാണ്. പ്രതിസന്ധി ഇപ്പോഴില്ലങ്കിലും ദീര്‍ഘകാല കരാര്‍ വേണം. ലഭിച്ച റിപ്പോര്‍ട് പ്രകാരമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ട് എന്ന് പറഞ്ഞത്. പവര്‍കട്ട് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. മുന്നില്‍ വന്ന കത്തില്‍ പവര്‍കട്ട് ഉണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. തെറ്റിദ്ധരിപ്പിച്ചതാണോ ഇല്ലയോ എന്ന് അറിയില്ല. പവര്‍ കട്ട് ഉണ്ടാകുമെന്ന് പറഞ്ഞാല്‍ ഏത് മുഖ്യമന്ത്രിയും തീരുമാനം എടുക്കില്ലെ – അദ്ദേഹം പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ചെയ്തുകൊണ്ടിരുന്നത് ഷോര്‍ട്ട് ടേം പര്‍ച്ചേസാണ്. വില കുറഞ്ഞ് നില്ക്കുന്ന സമയത്ത് ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയില്ല. കഴിഞ്ഞ ഗവണ്മെന്റ് ചെയ്ത ഗുരുതരമായ കുറ്റകൃത്യമാണത്. 4.25 രൂപയ്ക്ക് 25 വര്‍ഷത്തേക്ക് വാങ്ങാന്‍ കഴിയുന്ന ഒരു കരാര്‍ റദ്ദായിപ്പോയി. അപ്പോള്‍ ഒരു ദീര്‍ഘകാല കരാര്‍ ഉണ്ടാക്കണ്ടെ. അത് ചെയ്തില്ല. അതാണ് പവര്‍ക്കട്ട് പ്രതിസന്ധിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. ബാറ്ററി സ്റ്റോറേജ് സംവിധാനവും ഉണ്ടാക്കിയില്ല. പത്ത് കൊല്ലം കൊണ്ട് നടന്നത് ആളുകള്‍ പുരപ്പുറത്ത് സോളാര്‍ വെച്ചത് മാത്രമാണ്. മുന്‍ സര്‍ക്കാരിന് ഒരു പ്ളാനിങ്ങ് ഉണ്ടായില്ല. പ്രതിസന്ധി ഉണ്ടാകുമെന്ന റിപ്പോര്‍ട്ടില്‍ പരിശോധന ഉണ്ടാകും. എങ്ങനെ എന്ന് തീരുമാനിച്ചിട്ടില്ല – അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെ ഇപ്പോള്‍ പിണറായി വിജയന് ഒരോന്ന് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും എം വി ഗോവിന്ദന് കാര്യങ്ങള്‍ എന്താണെന്ന് പോലും മനസിലായിട്ടില്ലെന്നും പരിഹാസമുണ്ട്.
