ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യൻ നിരത്തിലേക്ക്. 0 അൽഫാ എന്ന കോൺസപ്റ്റ് വാഹനമാണ് അവതരണത്തിന് തയാറെടുത്തിരിക്കുന്നത്. ഡിസംബർ രണ്ടിന് വാഹനം ഇന്ത്യൻ വിപണിയിലേക്ക് എത്തും. ഈ വർഷത്തെ ജപ്പാൻ മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ച വാഹനം അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ഈ വർഷാവസാനം തന്നെ വാഹനം വിപണയിലെത്തിക്കാനാണ് ഹോണ്ടയുടെ തീരുമാനം. പുതിയ പേര് സ്വീകരിച്ചാണ് വാഹനം എത്തുക.
വഹാനം ഇതിനോടകം തന്നെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടത്തിനായി എത്തിയിരുന്നു. ഹൈവേകൾ, നഗര റോഡുകൾ, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ എന്നിവയായിരുന്നു പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പ്രദേശങ്ങൾ. യാത്രാ സുഖം, കാര്യക്ഷമത, വിശ്വാസ്യത തുടങ്ങിയ വശങ്ങളും കൂടി പരിശോധിക്കാനായിരുന്നു വാഹനത്തിന്റെ പരീക്ഷണ ഓട്ടം. ആഭ്യന്തര വിൽപ്പനയ്ക്കും കയറ്റുമതിക്കുമായി വരാനിരിക്കുന്ന ഇലക്ട്രിക് എസ്യുവി ഇന്ത്യയിൽ തന്നെ നിർമ്മിക്കും.
0 സീരീസ് പ്രോഗ്രാമിലെ ഹോണ്ടയുടെ “തിൻ, ലൈറ്റ്, വൈസ്” എന്നിവയ്ക്ക് അടിസ്ഥാനമാക്കിയാണ് വാഹനം നിർമിക്കുന്നത്. എസ്യുവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 65 kWh ഉം 75 kWh എന്നിവയായിരിക്കും അവ. സിംഗിൾ-മോട്ടോർ, ഫ്രണ്ട്-വീൽ-ഡ്രൈവ് സജ്ജീകരണത്തിലൂടെ പവർ വിതരണം ചെയ്യും.
മാരുതി സുസുക്കി ഇ-വിറ്റാര , ടൊയോട്ടയുടെ തത്തുല്യ മോഡലായ ഇബെല്ല, ടാറ്റ സിയറ ഇവി, മഹീന്ദ്ര ബിഇ 6 തുടങ്ങിയ എതിരാളികളുമായാണ് വിപണിയിൽ വാഹനം മത്സരിക്കുക. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളും സാമ്പത്തിക സമ്മർദ്ദങ്ങളും കണക്കിലെടുത്ത്, ആഗോളതലത്തിലെ മറ്റ് വിപണികളിൽ തങ്ങളുടെ ഇവി നിക്ഷേപങ്ങൾ ഹോണ്ട നിർത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ, ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഈ മോഡലിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയെ ഒരു തന്ത്രപ്രധാന കേന്ദ്രമായി ഉപയോഗപ്പെടുത്തി, രാജ്യത്തെ വിപണി വിഹിതം വീണ്ടെടുക്കാനും കയറ്റുമതി മേഖലയിൽ സാന്നിധ്യം ശക്തമാക്കാനും ഹോണ്ട ലക്ഷ്യമിടുന്നു.
